തലശ്ശേരിയിൽ ബിജെപിക്ക് പ്രതിസന്ധി; സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളി

തലശ്ശേരി: തലശ്ശേരിയിലെ സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിയതിലൂടെ അപ്രതീക്ഷിത പ്രതിസന്ധിയാണ് ബിജെപിക്കുണ്ടായിരിക്കുന്നത്. 2016-ൽ കണ്ണൂർ ജില്ലയിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ മണ്ഡലമാണ് തലശ്ശേരി. ബിജെപി ജില്ലാ സെക്രട്ടറി എൻ.ഹരിദാസിന്റേതാണ് പത്രിക തള്ളിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസം 25-ന് മണ്ഡലത്തിൽ എത്താനിരിക്കെയാണ് പാർട്ടി സ്ഥാനാർഥി മത്സരരംഗത്തില്ലായത്.
ജാഗ്രതകുറവാണ് തലശ്ശേരിയിൽ ബിജെപിക്ക് വിനയായത്. ദേശീയ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ ഫോം എയിൽ പാർട്ടി ദേശീയ അധ്യക്ഷന്റെ ഒപ്പും സീലും വേണം. എന്നാൽ എൻ.ഹരിദാസ് സമർപ്പിച്ച പത്രികയിൽ സീൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒപ്പുണ്ടായിരുന്നില്ല. ഡമ്മി സ്ഥാനാർഥിയുടെ പത്രികയും തള്ളിയിട്ടുണ്ട്. മണ്ഡലം പ്രസിഡന്റ് കെ.ലിജേഷായിരുന്നു ഡമ്മി സ്ഥാനാർഥി.
മണ്ഡലത്തിൽ ഇത്തവണ വലിയ പ്രതീക്ഷയിലായിരുന്നു ബിജെപി. അതുകൊണ്ടാണ് ജില്ലാ പ്രസിഡന്റിനെ തന്നെ തലശ്ശേരിയിൽ രംഗത്തിറക്കാൻ ബിജെപി തീരുമാനിച്ചത്.
സബ് കളക്ടർ അനുകുമാരിക്ക് മുമ്പാകെ വെള്ളിയാഴ്ചയാണ് ഹരിദാസ് പത്രിക നൽകിയിരുന്നത്. എൽഡിഎഫിനായി സിറ്റിങ് എംഎൽഎ എ.എൻ.ഷംസീറും യുഡിഎഫിന് വേണ്ടി കെ.പി.അരവിന്ദാക്ഷനും മത്സര രംഗത്തുണ്ട്. 2016-ൽ 22125 വോട്ടാണ് ബിജെപിക്കായി മത്സരിച്ച വി.കെ.സജീവൻ നേടിയിരുന്നത്.