‘ഛെഹരെ’യിൽ നിന്നും റിയ ചക്രബർത്തിയുടെ പേര് ഒഴിവാക്കി; വിശദീകരണവുമായി നിർമ്മാതാവ്

ബോളിവുഡ് താരം റിയ ചക്രബർത്തിയുടെ പേര് ‘ഛെഹരെ’ എന്ന ചിത്രത്തിൽ നിന്നും ഒഴിവാക്കിയതിൽ വിശദീകരണവുമായി ചിത്രത്തിന്റെ നിർമ്മാതാവ് ആനന്ദ് പണ്ഡിറ്റ്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരവെ റിയെ സംരക്ഷിക്കുന്നതിനാണ് തങ്ങൾ ട്രെയ്ലർ ലോഞ്ചിൽ നിന്നും താരത്തെ ഒഴിവാക്കിയതെന്നാണ് നിർമ്മാതാവ് അറിയിച്ചത്.
ഈ വർഷം ആരംഭത്തിൽ ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തപ്പോൾ റിയയുടെ പേര് ഇല്ലാത്തത് ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. വിവാദങ്ങളും, കേസുകളും ചിത്രത്തെ ബാധിക്കുമെന്ന് കരുതിയല്ല തങ്ങൾ റിയയുടെ പേര് മാറ്റിയതെന്നും നിർമ്മാതാവ് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
‘ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും തിരച്ചടി ഉണ്ടായാലോ എന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. റിയ്ക്ക് വേണ്ട സമയം കൊടുക്കുകയാണ് ഞാൻ ചെയ്തത്. ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് കഴിഞ്ഞ ഒരു വർഷം റിയ കടന്ന് പോയത്.
ട്രെയ്ലറിൽ അവരുടെ പേര് ചേർത്ത് വീണ്ടും ആ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. എന്നാൽ റിയിയിൽ നിന്ന് സമ്മതം ലഭിക്കുന്ന നിമിഷം മുതൽ പ്രമോഷനിൽ അവളുടെ ചിത്രങ്ങളും, വിഡിയോകളും ഉൾപ്പെടുത്താൻ തയ്യാറാണെന്ന് ഞാൻ റിയയോട് പറഞ്ഞിരുന്നു.’
റൂമി ജഫ്രി സംവിധാനം ചെയ്യുന്ന ഛെഹരെ എന്ന ചിത്രത്തിൽ ഇമ്രാൻ ഹഷ്മി, അമിതാബ് ബച്ചൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ഈ ത്രില്ലർ ചിത്രത്തിലൂടെ വീണ്ടും സിനിമ അഭിനയത്തിലേക്ക് മടങ്ങി വരാനിരിക്കുകയാണ് റിയ ചക്രബർത്തി.