‘പൂതന’ പരാമർശം; മതത്തിന്റെ പേരിൽ വോട്ട്: ശോഭ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപിയുടെ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. മതത്തിന്റെ പേരിൽ വോട്ട് ചോദിച്ചെന്ന് ആരോപിച്ചണ് പരാതി. ഒപ്പം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശോഭ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചെന്നും പരാതിയിൽ ആരോപണമുണ്ട്. കടകംപള്ളിക്കെതിരായ ശോഭ സുരേന്ദ്രന്റെ ‘പൂതന’ പരാമർശം വിവാദമായിരുന്നു.
കഴക്കൂട്ടത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതത്തിന്റെ പേരിൽ ശോഭ സുരേന്ദ്രൻ വോട്ട് ചോദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പല ഘട്ടത്തിലും ശോഭ സുരേന്ദ്രൻ മോശം പരാമർശം നടത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്. എന്നാൽ തന്റെ പരാമർശത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്ന നിലപാടായിരുന്നു ശോഭ ഇക്കാര്യത്തിൽ സ്വീകരിച്ചത്.
അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാൻ വന്ന പൂതനയാണ് കടകംപ്പള്ളി സുരേന്ദ്രൻ. കഴക്കൂട്ടത്തെ വിശ്വാസികൾ കൃഷ്ണൻമാരായി മാറുമെന്നും കടകംപ്പള്ളിയുടെ ഖേദപ്രകടനം വീണിടത്ത് കിടന്നുള്ള ഉരുളൽ ആണെന്നും ശോഭാ സുരേന്ദ്രൻ ഒരു വാർത്താ മാദ്ധ്യമത്തോടെ പറഞ്ഞിരുന്നു. സ്ത്രീകളെ ബഹുമാനിക്കാൻ ആണ് താൻ പഠിച്ചതെന്നും ശോഭയെ ജനം വിലയിരുത്തട്ടെ എന്നുമാണ് കടകംപള്ളി സുരേന്ദ്രൻ ഈ വിഷയത്തിൽ പ്രതികരിച്ചത്.