പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് വൻ വർധന, 24 മണിക്കൂറില്‍ 17,296 പുതിയ കൊവിഡ് കേസുകൾ.

പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് വൻ വർധനവ് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 17,296 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതിൽ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 24 മണിക്കൂറിനിടെ 407 മരണവും രാജ്യത്ത് ഉണ്ടായി. രാജ്യത്തെ ആകെ മരണങ്ങൾ 15301 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയമാണ് ഏറ്റവും പുതിയ കൊവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 4.9 ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ 17,296 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,90,401 ആയി. ഇതില്‍ നിലവില്‍ 189463 പേര് ചികിത്സയിലാണ്. 2,85,636 പേര്‍ക്ക് രോഗം ഭേദമായി. രോഗം മൂലം 15301 പേര്‍ക്കാണ് ജീവഹാനി ഉണ്ടായത്. രാജ്യത്ത് വ്യാഴാഴ്ച മാത്രം 2,15,446 കൊവിഡ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നുണ്ട്. രാജ്യത്ത് മൊത്തം 77 ലക്ഷം കൊവിഡ് പരിശോധന നടത്തുകയുണ്ടായി. കൃത്യമായ കണക്കുകള്‍ അനുസരിച്ച് 77,76,228 പേരുടെ പരിശോധനയാണ് ഇതുവരെ നടത്തിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ആണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.