സംഗീത സംവിധായകൻ ശ്രാവണിന് കൊറോണ; നില ഗുരുതരം
മുംബൈ: ബോളിവുഡിലെ ഹിറ്റ് സംഗീത സംവിധായക ജോടിയായ നദീം-ശ്രാവൺ കൂട്ടുകെട്ടിലെ ശ്രാവൺ റാത്തോഡിന് കൊറോണ. മറ്റു അസുഖങ്ങൾ അലട്ടുന്നതിനൊപ്പം കൊറോണ ബാധിതനുമായ അദ്ദേഹത്തിൻറെ നില അതീവ ഗുരുതരമാണെന്ന് മകൻ സഞ്ജീവ് റാത്തോഡ് അറിയിച്ചു. മാഹിമിലെ എസ്.എൽ റഹേജ ആശുപത്രിയിലാണ് ശ്രാവൺ ചികിത്സയിലുള്ളത്.
ബോളിവുഡിലെ വമ്പൻ ഹിറ്റായ ‘ആഷിഖി’യുടെ വിജയത്തോടെയാണ് നദീം-ശ്രാവൺ സഖ്യം ഹിന്ദി ചലച്ചിത്രലോകത്ത് നിലയുറപ്പിച്ചത്. ഗായകൻ കുമാർ സാനുവിൻറെ തകർപ്പൻ ഹിറ്റുകളിലേറെയും നദീം-ശ്രാവൺ കൂട്ടുകെട്ടിലൂടെയായിരുന്നു. സാജൻ, ഫൂൽ ഔർ കാണ്ടെ, രാജാ ഹിന്ദുസ്ഥാനി, ദിൽ ഹേ കി മാൻതാ നഹീ, ഹം ഹേ രഹി പ്യാർ കേ, സഡക്, ദീവാന, പർദേസ്, കസൂർ, രാസ്, ബർസാത് തുടങ്ങിയ സിനിമകളിലെ എക്കാലത്തേയും ഹിറ്റായ നിരവധി ഗാനങ്ങൾക്കാണ് നദീം-ശ്രാവൺ സംഗീതമൊരുക്കിയത്. തൊണ്ണൂറുകളിൽ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള സംഗീത സംവിധായകരായിരുന്നു ഇവർ.
മറ്റു അസുഖങ്ങൾക്കൊപ്പം കൊറോണ ബാധിച്ചതോടെ ശനിയാഴ്ചയാണ് ശ്രാവണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.