ആദ്യം ചാക്കുകെട്ടെന്ന് കരുതി; വൈഗയുടെ മൃതദേഹം ആദ്യം കണ്ട ഗണേശന്‍ പറയുന്നു
വൈഗയുടെ മൃതദേഹം കളമശേരിയില്‍ പുഴയില്‍ കണ്ട ഞെട്ടലിലാണു ക്ഷീര കര്‍ഷകനായ ഗണേശന്‍. മുട്ടാര്‍ പുഴയോരത്തെ മരങ്ങളുടെ തണലിലാണു ഗണേശന്‍ പശുക്കളെ കെട്ടിയിടുന്നത്. മാര്‍ച്ച് 22നു പശുക്കളില്‍ ഒന്നിന് രോഗമായതിനാല്‍ പരിശോധനയ്ക്കു ഡോക്ടറുമായെത്തിയതായിരുന്നു ഗണേശന്‍.
ഉച്ചയ്ക്ക് 12നു പരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടെ പുഴയില്‍ എന്തോ കിടക്കുന്നതു കണ്ടു. ചാക്കുകെട്ടെന്നാണ് ആദ്യം കരുതിയത്. അടുത്തെത്തിയപ്പോഴാണു പെണ്‍കുട്ടിയുടെ മൃതദേഹമെന്നു മനസ്സിലായത്.
ഉടന്‍ അവിടെയുണ്ടായിരുന്ന യുവാക്കളോടു വിവരം പറഞ്ഞു. അവര്‍ വാര്‍ഡ് കൗണ്‍സിലര്‍ ജെസ്സി പീറ്ററെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ഇതോടനുബന്ധിച്ചു പിന്നീടു വന്ന വാര്‍ത്തകള്‍ തന്നെ ദുഃഖത്തിലാഴ്ത്തിയെന്നും ഗണേശന്‍ പറഞ്ഞു. നാമക്കലില്‍ നിന്നു 12-ാം വയസ്സില്‍ കളമശേരിയില്‍ എത്തി ഇവിടെ സ്ഥിരതാമസക്കാരനായി മാറിയ ആളാണ് അന്‍പത്തൊന്‍പതുകാരനായ ഗണേശന്‍.