18 പേര്‍ക്ക് കൊവിഡ്; പൂരം പ്രദര്‍ശനം നിര്‍ത്തി, വെടിക്കെട്ടിനും കാണികളെ വിലക്കി
തൃശൂര്‍: തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കൊവിഡ്. വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് വൈറസ് ബാധ. 18 പേരേയും നിരീക്ഷണത്തിലാക്കി. ഇവരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുകയാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനത്തെ ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ഇന്നലെ തീരുമാനമായിരുന്നു. ചീഫ് സെക്രട്ടറി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് അന്തിമ തീരുമാനമെടുത്തത്.
സംഘാടകരുടെ എണ്ണം പരിമിതപ്പെടുത്തുമെന്നും കുടമാറ്റം കുറച്ചു സമയം മാത്രമായി ചുരുക്കുമെന്നും സാംപിള്‍ വെടിക്കെട്ടും ചമയപ്രദര്‍ശനവും ഒഴിവാക്കുമെന്നും യോഗത്തില്‍ തീരുമാനമായിരുന്നു. പ്രധാന വെടിക്കെട്ട് നിയന്ത്രണങ്ങളോടെ നടത്തും. ഘടകപൂരങ്ങള്‍, മഠത്തില്‍ വരവ്, ഇലഞ്ഞിത്തറ മേളം എന്നിവ ഉണ്ടാകും. പൂരത്തിനു ഒരു ആനയെ മാത്രം എഴുന്നള്ളിക്കാന്‍ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചിരുന്നു. പാറമേക്കാവ് വിഭാഗം 15 ആനകളേയും പങ്കെടുപ്പിക്കും.
പഞ്ചവാദ്യവും മേളവും ചടങ്ങായി മാത്രം നടത്താനുമാണ് തീരുമാനം.
തൃശൂര്‍ പൂരത്തിലെ ചെറുപൂരങ്ങള്‍ ചടങ്ങ് മാത്രമായി നടത്താനും തീരുമാനമായിട്ടുണ്ട്. ആന ചമയം ഉണ്ടാകില്ല. രാത്രിയിലും പകലും ഒരു ആനയെ മാത്രം എഴുന്നള്ളിക്കും. പൊതുജനങ്ങള്‍ക്ക് പങ്കാളിത്തമുണ്ടാകില്ല. 50-ല്‍ താഴെ മാത്രം ആളുകള്‍ മാത്രമാകും ചടങ്ങുകളില്‍ പങ്കെടുക്കുക. കൊച്ചിന് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന ഘടക പൂരങ്ങളുടെ യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്.