തുടർച്ചയായ തോൽവികൾ, ജയം തേടി കൊൽക്കത്തയും രാജസ്ഥാനും ഇന്ന് നേർക്കുനേർ
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. പോയിന്റ് പട്ടികയിൽ ഇപ്പോൾ ഏറ്റവും അവസാനം നിൽക്കുന്ന രണ്ടു ടീമുകളാണ് ഓയിൻ മോർഗൻ നയിക്കുന്ന കൊൽക്കത്തയും മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാനും. ഇരു ടീമുകളും ഇതുവരെ കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നിലും പരാജയപ്പെട്ടു. പരാജയം തുടർച്ചയായതിനാൽ തന്നെ ഇന്ന് ഇരു കൂട്ടർക്കും ജയിക്കുക എന്നത് അനിവാര്യമാണ്. കളിയിൽ സ്ഥിരത കൈവരിക്കാൻ സാധിക്കാത്തതാണ് രണ്ടു ടീമിനെയും ബാധിക്കുന്നത്.
ആദ്യത്തെ കളിയിലെ പ്രകടനത്തിന് ശേഷം രാജസ്ഥാൻ നായകൻ സഞ്ജുവിനും മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കാതിരുന്നത് ടീമിന് തിരിച്ചടിയായിട്ടുണ്ട്. 23 മത്സരങ്ങളിലാണ് കൊൽക്കത്തയും രാജസ്ഥാനും ഇതുവരെ ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ വിജയം കൂടുതൽ തവണയും കൊൽക്കത്തയ്‌ക്കൊപ്പമായിരുന്നു. 12 തവണ കൊൽക്കത്ത വിജയിച്ചപ്പോൾ രാജസ്ഥാൻ 10 മത്സരങ്ങളിലാണ് ജയിച്ചത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണു മത്സരം നടക്കുക.