കൊറോണയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ നിയമ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. നമുക്കും നാടിനും വേണ്ടി സ്വയം രോഗം വരുത്തിവയ്ക്കില്ലെന്ന പ്രതിജ്ഞ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിഭ്രാന്തി പരത്തുന്ന വാർത്തകളും, സന്ദേശങ്ങളും സാമൂഹിക മാദ്ധ്യത്തിലൂടെ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ജാഗ്രത പുലർത്തണം. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ആരോഗ്യ വകുപ്പിനെയും, ആധികാരികമായ സംവിധാനങ്ങളെയുമാണ് ആശ്രയിക്കേണ്ടത്. കൊറോണയുമായി ബന്ധപ്പെട്ട വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ മാദ്ധ്യമങ്ങളും ശ്രദ്ധ പുലർത്തണമെന്ന് പിണറായി പറഞ്ഞു.
കൊറോണ സുരക്ഷാ മാദനണ്ഡങ്ങളിൽ വീഴ്ച വരുത്തരുത്. കൊറോണയുടെ ഒന്നാംഘട്ട വ്യാപനത്തിൽ എല്ലാവരും മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരുന്നു. എന്നാൽ രണ്ടാം ഘട്ടത്തിൽ ഇതിൽ വീഴ്ചവരുത്തുന്നുണ്ട്. നാടിനുവേണ്ടി ഓരോരുത്തരും ജാഗ്രത പാലിക്കണം. സംസ്ഥാനങ്ങളിലെ എല്ലാ മേഖലകളിലും രോഗവ്യാപനം ഉണ്ട്. ജാഗ്രത പുലർത്തലാണ് പ്രധാനമെന്നും അതിലൂടെ രോഗവ്യാപനം മറികടക്കാനാവുമെന്നും പിണറായി പറഞ്ഞു.