സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ഇടപെടണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂ ഡെൽഹി: യുപി പോലിസ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ഇടപെടണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കൊറോണ സ്ഥിരീകരിച്ചതിനെതുടർന്ന് മഥുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാപ്പനെ ഡെൽഹി എയിംസിലേക്ക് മാറ്റണമെന്നാണ് ഹർജിയിലെ ആവശ്യം.
സിദ്ദിഖ് കാപ്പന്റെ ഭാര്യയും പത്രപ്രവർത്തക യൂണിയൻ ഡെൽഹി ഘടകവും നൽകി ഹർജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്. കാപ്പന് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ യുപി മുഖ്യമന്ത്രിക്ക് ഇന്നലെ കത്തെഴുതിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കാപ്പനെ ഡെൽഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ആദിത്യനാഥിന് കത്ത് നൽകിയിരുന്നു. സുപ്രികോടതി ഇക്കാര്യത്തിൽ ഇടപെടണമെന്നും എഡിറ്റേഴ്‌സ് ഗിൽഡ് ആവശ്യപ്പെട്ടു. കൂടാതെ, വിഷയത്തിൽ സുപ്രിംകോടതി ഇടപെടണമെന്ന് കേരളത്തിൽനിന്നുള്ള എംപിമാരും ആവശ്യപ്പെട്ടിട്ടുണ്ട്.
കൊറോണ രോഗബാധിതനാണ് സിദ്ദിഖ് കാപ്പൻ. ജയിലിൽ ശുചിമുറിയിലേക്ക് പോയപ്പോൾ അവിടെ കുഴഞ്ഞുവീണതിനെത്തുടർന്ന് സിദ്ധീഖ് കാപ്പന് താടിയെല്ലിനു പൊട്ടലേറ്റിട്ടുണ്ട്. ആശുപത്രിയിൽ ചങ്ങലയിൽ ബന്ധിച്ചതിനാൽ പ്രാഥമിക കൃത്യം നിർവഹിക്കാൻ പോലും കഴിയാതെ സിദ്ധീഖ് കാപ്പൻ പ്രയാസപ്പെടുകയാണെന്ന റിപോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിഷയത്തിൽ ഇടപെടാൻ കൂട്ടാക്കാതിരുന്ന കേരള മുഖ്യമന്ത്രി സമ്മർദ്ദം ശക്തമായതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രിക്ക് അടിയന്തിര ചികിൽസ നൽകണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതാൻ തയ്യാറായത്.