Kerala NewsLatest News

‘സിദ്ദീഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉടന്‍ കൈമാറണം’- കേന്ദ്രത്തോട് സുപ്രിം കോടതി; ഭാര്യയുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കാന്‍ അനുമതി

ന്യൂഡല്‍ഹി: സിദ്ദീഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉടന്‍ കൈമാറണമെന്ന് കേന്ദ്രസര്‍ക്കാറിനോട് സുപ്രിം കോടതി. കഴിയുമെങ്കില്‍ ഇന്നു തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഭാര്യമായി വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കാന്‍ അനുമതിയും നല്‍കി. കാപ്പനെ ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്ന ഹരജി ബുധനാഴ്ച പരിഗണിക്കും.

കൊവിഡ് ബാധിച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ആശുപത്രിക്കിടക്കയില്‍ ചങ്ങലയില്‍ ബന്ധിച്ചതിനെതിരായ പ്രതിഷേധം രാജ്യമൊട്ടുക്കും ശക്തമായതിന് പിന്നാലെയാണ് ഹേബിയസ് കോര്‍പസ് ഹരജിക്കൊപ്പം സുപ്രിം കോടതി സിദ്ദീഖ് കാപ്പന്റെ കേസും പരിഗണിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ ആറ് മുതല്‍ യു.പി സര്‍ക്കാറിന്റെയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെയും ആവശ്യം അംഗീകരിച്ചാണ് ഹരജി നിരന്തരം നീട്ടിക്കൊണ്ടുപോയത്. സിദ്ദീഖ് കാപ്പന് വേണ്ടി കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം പ്രസിഡന്റ് മിജി ജോസാണ് ഹേബിയസ് കോര്‍പസ് ഹരജി സമര്‍പ്പിച്ചത്.

സിദ്ദീഖ് കാപ്പനും കുടുംബത്തിനും നീതി ചോദിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും എഡിറ്റേഴ്‌സ് ഗില്‍ഡും തിങ്കളാഴ്ച പരസ്യമായി രംഗത്തുവന്നിരുന്നു.. ഇത് കൂടാതെ ഭാര്യ റൈഹാന സിദ്ദീഖും കേരളത്തില്‍ നിന്നുള്ള എം.പിമാരും ചീഫ് ജസ്റ്റിസിന് കത്തുകള്‍ എഴുതിയിരുന്നു. കാപ്പന്റെ വിഷയം ഉന്നയിച്ച്‌ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തെഴുതിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button