കൊടകര കുഴല്‍പണ കവര്‍ച്ച കേസ്; രണ്ട് മുഖ്യപ്രതികള്‍ പിടിയിലായി
തൃശൂര്‍: കൊടകര കുഴല്‍പണ കേസില്‍ രണ്ട് പേര്‍ ഇന്ന് കണ്ണൂരില്‍ പിടിയിലായി. ഇവര്‍ കേസില്‍ മുഖ്യപ്രതികളാണ്. മുഹമ്മദ് അലി, അബ്‌ദുള്‍ റഷീദ് എന്നിവരാണ് പിടിയിലായത്. ഇവരെ കൊടകര സ്‌റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്‌തു. കുഴല്‍പണം കടത്തുന്ന വിവരം കവര്‍ച്ച നടത്തിയ സംഘത്തിന് ചോര്‍ത്തി നല്‍കിയത് അബ്‌ദുള്‍ റഷീദാണ്. ഇതിന് ഇവര്‍ക്ക് 5 ലക്ഷം രൂപ പ്രതിഫലവും ലഭിച്ചു.
3.5 കോടി രൂപ കവര്‍ന്ന സംഘം ഇതില്‍ നിന്ന് 45 ലക്ഷം രൂപയുടെ ഇടപാടും നടത്തി. കുഴല്‍പണം കാര്‍ ഡ്രൈവര്‍ക്ക് നല്‍കിയ ധര്‍മ്മരാജന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്ന് മുന്‍പ് പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഇയാള്‍ക്ക് പണം നല്‍കിയവരെ കുറിച്ച് അന്വേഷിക്കുകയാണെന്നും തൃശൂര്‍ എസ്.പി ജി.പൂങ്കുഴലി അറിയിച്ചിരുന്നു. കോഴിക്കോട്ടെ അബ്‌കാരിയായ ധര്‍മ്മരാജന്‍ പരാതിയില്‍ പറഞ്ഞതിലും കൂടുതല്‍ പണം പിടിച്ചെടുത്തിട്ടുണ്ടെന്നും എസ്‌പി അറിയിച്ചിരുന്നു. കൊടകരയില്‍ വ്യാജ വാഹനാപകടമുണ്ടാക്കി 25 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു ധര്‍മ്മരാജന്‍ നല്‍കിയ പരാതി.
ധര്‍മ്മരാജന് പണം നല്‍കിയത് യുവമോര്‍ച്ച മുന്‍ ഭാരവാഹിയായ സുനില്‍ നായിക്കാണെന്ന് മൊഴി പുറത്തുവന്നിട്ടുണ്ട്. സുനിലിനെ ഇക്കാര്യത്തില്‍ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. പൊലീസ് കഴിഞ്ഞദിവസം ഏഴുപേരെ അറസ്‌റ്റ് ചെയ്യുകയും അഞ്ചുപേര്‍ക്കായി ലുക്ക്‌ഔട്ട് നോട്ടീസ് നല്‍കുകയും ചെയ്‌തിരുന്നു. ഇതിനിടെയാണ് ഇന്ന് രണ്ട് മുഖ്യപ്രതികളെ പിടികൂടിയിരിക്കുന്നത്