‘ഇത് ഉത്തരേന്ത്യ അല്ല’; പാലക്കാട് സേവാഭാരതി പ്രവർത്തകരും പോലീസും ചേർന്ന് നടത്തിയ വാഹന പരിശോധനക്കെതിരെ ടി സിദ്ദിഖ്
പാലക്കാട് : പാലക്കാട് ജില്ലയിൽ സേവാഭാരതി പ്രവർത്തകരും പോലീസും ചേർന്ന് നടത്തിയ വാഹന പരിശോധനക്കെതിരെ കോൺഗ്രസ് നേതാവും കൽപ്പറ്റയിലെ നിയുക്ത എം എൽ എയുമായ ടി സിദ്ദിഖ്. പൊലീസിൻറെ അധികാരം സേവാഭാരതിക്ക് നൽകുന്നത് ശരിയാണോ എന്ന ചോദ്യവുമായി സേവാഭാരതി പ്രവർത്തകർ പരിശോധന നടത്തുന്ന ചിത്രം സഹിതമാണ് സിദ്ദിഖ് ഫേസ്ബുക്ക് കുറിപ്പ് എഴുതിയിരിക്കുന്നത്. ഉത്തരേന്ത്യയല്ല കേരളമെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം പൊലീസിനെ സംഘടനകൾ സഹായിക്കേണ്ടത് അധികാരം പങ്കിട്ടുകൊണ്ടാകരുതെന്നും പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം…………………
പാലക്കാട് ജില്ലയിൽ സേവാഭാരതി പ്രവർത്തകരും പോലീസും ചേർന്ന് വാഹന പരിശോധന. പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടി ഷർട്ട് ഇട്ട പ്രവർത്തകർ പോലീസിനൊപ്പം പരിശോധന നടത്തുന്നത്. കടന്നുപോകുന്ന വാഹനങ്ങളോട് പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങൾ ചോദിച്ചറിയുന്നുണ്ട്. പോലീസിന്റെ അധികാരം സേവഭാരതിക്ക് നൽകുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. പോലീസിനെ സംഘടനകൾ സഹായിക്കേണ്ടത് അധികാരം പങ്കിട്ട് കൊണ്ടാവരുത്. ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നു.