Kerala NewsLatest NewsUncategorized

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; കാറ്റിനും കടലാക്രമണത്തിനും സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: ഇന്നലെ സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ കനത്ത മഴയാണുണ്ടായത്. തെക്കൻ കേരളത്തിലേയും വടക്കൻ കേരളത്തിലേയും പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. ശനിയാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കൻ ജില്ലകളിൽ വരും മണിക്കൂറിൽ മഴ കനക്കും

ഇന്ന് ഇടുക്കിയിൽ യെല്ലോ അലേർട്ടാണ്. വെള്ളിയാഴ്ച്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ശനിയാഴ്ച്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ നാളെമുതൽ കേരള തീരത്ത് നിന്ന് കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

ഇന്നലെ രാത്രി വൈകിയും തുടർന്ന മഴയിൽ തലസ്ഥാന നഗരം മുങ്ങി. തിരുവനന്തപുരം റയിൽവേ ട്രാക്കിലടക്കം വെളളം കയറി. തമ്പാനൂരിൽ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിലും റയിൽവേ സ്റ്റേഷനിലും എസ് എസ് കോവിൽ റോഡിലും രൂക്ഷമായ വെളളക്കെട്ടുണ്ടായി. തെക്കൻ കേരളത്തിൽ തീരമേഖലയിലാകെ ശക്തമായ മഴയായിരുന്നു. ന്യൂനമർദ്ദത്തിന് മുന്നോടിയായാണ് മഴ കനക്കുന്നത്.

തിരുവനന്തപുരം നഗരത്തിൽ ഏഴ് മണിമുതലുള്ള 4 മണിക്കൂറിനുള്ളിൽ തന്നെ 128 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. നെയ്യാറ്റിൻകര മേഖലയിലാകട്ടെ 127 മില്ലിമീറ്ററാണ് ഈ സമയത്ത് രേഖപ്പെടുത്തിയത്. മഴ നഗരത്തിൻറെ പലയിടങ്ങളിലും വെളളക്കെട്ടുണ്ടായി. കോഴിക്കോട് കക്കയത്തും കാസർഗോഡ് വെളളരിക്കുണ്ടിലും മഴ രാത്രി വൈകിയും തുടർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button