ഞങ്ങളുടെ കുട്ടികള്‍ക്ക് നല്‍കേണ്ട വാക്സനെന്തിന് മറിച്ചുവിറ്റു, പ്രധാനമന്ത്രിക്കെതിരെ പോസ്റ്ററൊട്ടിച്ച അഞ്ചു പേര് അറസ്റ്റില്‍
ഡല്‍ഹി: കോവിഡ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പോസ്റ്ററൊട്ടിച്ചതിന് അഞ്ചു പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. വടക്ക് കിഴക്കൻ ഡല്‍ഹിയിലെ ട്രാൻസ് യമുന ഭാഗത്തുനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാൽ ആരെയാണ് അറസ്റ്റ് ചെയ്തതെന്നോ അറസ്റ്റിന്റെ മറ്റ് വിവരങ്ങളോ പുറത്ത് വിടാൻ പോലീസ് അധികൃതർ തയ്യാറായിട്ടില്ല.
ഞങ്ങളുടെ കുട്ടികൾക്ക് നൽകേണ്ട വാക്സിൻ എന്തിന് വിദേശത്തേക്ക് കയറ്റി അയക്കുന്നു എന്നടക്കമുള്ള ചോദ്യങ്ങൾ ചോദിച്ച് കൊണ്ടാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പോസ്റ്ററില്‍ ഏതെങ്കിലും സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ, സംഘടനയുടെയോ പേര് നൽകിയിട്ടില്ല. ഇതിലെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഇത് ശ്രദ്ധയിൽപെട്ടതോടെ കേസെടുക്കാൻ പോലീസ് അധികൃതർ തയ്യാറാവുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പോസ്റ്റർ പതിച്ചവരെ കണ്ടെത്തിയത്. എന്നാൽ തങ്ങളെ ഒരു കൗൺസിലറാണ് പോസ്റ്റർ പതിക്കാനുള്ള ജോലി ഏൽപ്പിച്ചതെന്നും മറ്റൊന്നും അറിയില്ലെന്നും ഇവർ ചോദ്യം ചെയ്യലിൽ പ്രതികരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇവരില്‍നിന്ന് കൂടുതല്‍ പോസ്റ്ററുകളും കണ്ടെടുത്തിട്ടുണ്ട്.