നിപ്പാ റാണിയെന്ന വിശേഷണവും ടീച്ചറമ്മയെന്ന ബ്രാന്‍ഡും ഇത്തവണയില്ല, പിന്നില്‍ കോടിയേരിയോ; കെകെ ശൈലജയ്ക്കായി അനുകൂലിച്ചത് 7 പേര്‍ മാത്രം
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്നും കെകെ ഷൈലജയെ ഒഴിവാക്കി. പാര്‍ട്ടി വിപ്പ് സ്ഥാനമാണ് ഇത്തവണ ഷൈലജയ്ക്ക് നല്‍കിയത്. കഴിഞ്ഞ മന്ത്രിസഭയില്‍ മികച്ച പ്രതിച്ഛായുണ്ടായിരുന്ന ഷൈലജയെ മാറ്റി നിര്‍ത്തിയത് രാഷ്ട്രീയ ഭേദമന്യേ ഏവരെയും ഞെട്ടിച്ചു.
ഇന്നു രാവിലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയില്‍ കോടിയേരി ബാലകൃഷ്ണനാണ് പുതിയ മന്ത്രിമാരുടെ പട്ടിക അവതരിപ്പിച്ചത്. ഷൈലജയ്ക്ക് മാത്രമായി ഇളവു നല്‍കാനാവില്ലെന്ന് കോടിയേരി യോഗത്തെ അറിയിച്ചു. 88 അംഗ സംസ്ഥാന സമിതിയില്‍ ഭൂരിഭാഗവും കോടിയേരിയെ അനുകൂലിച്ചു.
ഏഴുപേര്‍ മാത്രമാണ് ഷൈലജയ്ക്ക് വേണ്ടി വാദിച്ചത്. എംവി ജയരാജന്‍ ഇതു ശരികേടാണെന്ന് പറഞ്ഞെങ്കിലും മറ്റു മുതിര്‍ന്ന നേതാക്കള്‍ അതിനെ തള്ളി. ഇതോടെ ഷൈലജയെ മാറ്റി നിര്‍ത്തണം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുകയായിരുന്നു.
ഒരുപക്ഷേ സിപിഎമ്മില്‍ ഒരിക്കല്‍ കൂടി ചരിത്രം ആവര്‍ത്തിക്കുന്നു എന്നതും ശ്രദ്ധേയമാണ്. കെ ആര്‍ ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കുമെന്ന് പറഞ്ഞതിനു ശേഷം പിന്നീട് അവരെ വെട്ടി മത്സരിക്കുകപോലും ചെയ്യാത്തവരെ മുഖ്യമന്ത്രി കസേരയില്‍ അവരോധിച്ച പാരമ്പര്യം ഉള്ള പാര്‍ട്ടിയാണ് സിപിഎം എന്ന വിമര്‍ശനം ഒരിക്കല്‍ കൂടി സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.
കഴിഞ്ഞ 2016ല്‍ കൂത്തുപറമ്പില്‍ നിന്നും ഇത്തവണ മട്ടന്നൂരില്‍ നിന്നുമാണ് കെകെ ഷൈലജ നിയമസഭയിലേക്ക് എത്തിയത്. ഇത്തവണ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിനാണ് ഷൈലജ വിജയിച്ചത്. നിപ, കോവിഡി തുടങ്ങിയ മഹാമാരികളെ നേരിട്ട ഷൈലജയുടെ ശൈലി വലിയ ചര്‍ച്ചയായിരുന്നു.
ഷൈലജയുടെ പ്രവര്‍ത്തനം പിണറായി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിന് വലിയ തോതില്‍ കാരണമായിരുന്നു.