Kerala NewsLatest News

മുഖ്യമന്ത്രിക്ക് ഇന്ന് 76ാം പിറന്നാള്‍

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76ാം പിറന്നാള്‍. ആര്‍ഭാടങ്ങളും ആഘോഷങ്ങളുമില്ലാതെയാകും ഇത്തവണയും പിണറായിയുടെ പിറന്നാള്‍. തന്റെ ആദ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുടെ തലേ ദിവസമായ 2016 മെയ് 24 നാണ് കേരളം അതുവരെ അറിയാതിരുന്ന ആ രഹസ്യം പിണറായി വെളിപ്പെടുത്തിയത്.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിത്തുവീണ പിണറായിയിലെ പാറപ്പുറത്ത് 1945 മേയ് 24ന് ജനനം. മുണ്ടയില്‍ കോരന്റെയും കല്യാണിയുടേയും രണ്ടു മക്കള്‍ ഒഴികെ 11 കുട്ടികളും ബാല്യത്തിലേ മരിച്ചു. അതിനു ശേഷമായിരുന്നു പതിന്നാലാമനായി വിജയന്‍ പിറക്കുന്നത്. ഇടത്തരം കര്‍ഷക കുടുംബം. അച്ഛന്റെ മരണത്തോടെ സാമ്പത്തിക സ്ഥിതി മോശമായി. ബീഡിത്തൊഴിലിന് പറഞ്ഞയക്കാന്‍ അമ്മ ശ്രമിച്ചെങ്കിലും അധ്യാപകനായ ഗോവിന്ദന്‍ മാഷിന്റെ നിര്‍ബന്ധത്തിനു വഴങ്ങി വിജയന്‍ പഠനം തുടര്‍ന്നു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടേ പൊതുരംഗത്തെ്.

1970ല്‍ ഇരുപത്തിയഞ്ചാം വയസ്സില്‍ കൂത്തുപറമ്പില്‍ നിന്ന് നിയമസഭയിലേക്ക്. പിന്നീടായിരിന്നു കേരളത്തില്‍ ചരിത്രം കുറിച്ച് നില്‍ക്കുന്ന പിണറായി വിജയനിലേക്കുള്ള വളര്‍ച്ച. കാര്‍ക്കശ്യക്കാരനായ നേതാവില്‍ നിന്ന് ജനനായകനായ പിണറായിയുടെ യാത്രക്കിടെ നിരവധി പ്രതിസന്ധികളും ആരോപണങ്ങളും നേരിടേണ്ടി വന്നു. വി.എസിനെ മുന്നില്‍ നിര്‍ത്തി 2016ലെ തെരഞ്ഞെടുപ്പ് ജയിച്ച ശേഷം പിണറായി മുഖ്യമന്ത്രി ആയപ്പോള്‍ പലരും നെറ്റി ചുളിച്ചു.

എന്നാല്‍ സംസ്ഥാനം ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ദുരിതകാലത്തിലൂടെ ജനങ്ങള്‍ കടന്ന് പോയപ്പോള്‍ കരുത്തും, ആത്മവിശ്വാസവുമായി പിണറായി നെഞ്ചുറപ്പോടെ മുന്നില്‍ നിന്നു. സ്ത്രീകള്‍ക്കിടയിലും, യുവാക്കള്‍ക്കിടയിലും പിണറായിയുടെ പ്രതിച്ഛായ മാറി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കായി ജനം കാതോര്‍ത്തു. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ പിണറായിയുടെ നേതൃത്വത്തിന് കൂടി ജനം അംഗീകാരം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button