CinemaKerala NewsLatest News

പൃഥ്വിരാജിനെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല: വി ടി ബല്‍റാം

ലക്ഷദ്വീപ് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്‍റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ വാര്‍ത്താ ചാനല്‍ നടത്തുന്ന വേട്ടയാടല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. മറ്റ് പല സെലിബ്രിറ്റികളും മൗനത്തിന്റെ സുരക്ഷിത താവളങ്ങളില്‍ തലയൊളിപ്പിച്ചപ്പോള്‍ ആര്‍ജ്ജവത്തോടെ ഉയര്‍ന്നു കേട്ട വിയോജിപ്പിന്റെ ശബ്ദമായിരുന്നു പൃഥ്വിരാജിന്റേതെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

‘പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്കു വേണ്ടി’ എന്ന തലക്കെട്ടില്‍ ജനം ടിവി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പൃഥ്വിരാജിനെതിരെ അധിക്ഷേപമുള്ളത്. സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണം. രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചുചാടുമ്ബോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകുമെന്നും ജി.കെ സുരേഷ് ബാബു എഴുതിയ ലേഖനത്തില്‍ അധിക്ഷേപമുണ്ട്‍.

ബല്‍റാമിന്‍റെ കുറിപ്പ്

ലക്ഷദ്വീപ് പ്രശ്നത്തില്‍ ജനപക്ഷത്തുനിന്ന് അഭിപ്രായം പറഞ്ഞതിന്‍റെ പേരില്‍ അഭിനേതാവ് പൃഥ്വിരാജിനെതിരെ സംഘ് പരിവാറിന്‍റെ വാര്‍ത്താചാനല്‍ നേരിട്ട് നടത്തുന്ന ഈ വേട്ടയാടല്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുക മാത്രമല്ല, ലക്ഷദ്വീപ് ജനതയെ ഒറ്റയടിക്ക് ജിഹാദികളായി മുദ്രകുത്താനും ചാനലിന് മടിയില്ല. മറ്റ് പല സെലിബ്രിറ്റീസും മൗനത്തിന്‍റെ സുരക്ഷിത താവളങ്ങളില്‍ തലയൊളിപ്പിച്ചപ്പോള്‍ ആര്‍ജ്ജവത്തോടെ ഉയര്‍ന്നു കേട്ട വിയോജിപ്പിന്‍റെ ശബ്ദമായിരുന്നു പൃഥ്വിരാജിന്‍റേത്. അത് ഇന്ത്യയുടെ ഫെഡറല്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന നമ്മളോരോരുത്തരുടേയും ശബ്ദമാണ്. ഭരണവര്‍ഗ്ഗ മാധ്യമങ്ങളെ ഉപയോഗിച്ച്‌ സാംസ്ക്കാരിക പ്രവര്‍ത്തകരെ നിശ്ശബ്ദരാക്കുന്നത് നമുക്കനുവദിക്കാനാവില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button