അഴുക്കുചാൽ വൃത്തിയാക്കിയില്ല; കരാറുകാരനെ റോഡിൽ ഇരുത്തി ശരീരത്തിൽ മാലിന്യം നിക്ഷേപിച്ചു
മുംബൈ: അഴുക്കുചാൽ വൃത്തിയാക്കിയില്ല എന്നാരോപിച്ച് കരാറുകാരന്റെ തലയിൽ മാലിന്യം നിക്ഷേപിച്ച് ശിവസേന എം.എൽ.എ ദിലീപ് ലാൻഡെയും അനുയായികളും. മുബയിലെ ചാന്ദിവാലി പ്രദേശത്തെ വെളളക്കെട്ട് നിറഞ്ഞ തെരുവിൽ കരാറുകാരനെ നിർബന്ധം പൂർവം ഇരുത്തിയതിനു ശേഷം ശരീരത്തിൽ മാലിന്യം നിക്ഷേപിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ എം.എൽ.എയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
അഴുക്കുചാലിൽ കെട്ടിക്കിടന്ന മാലിന്യം മഴ പെയ്തതോടെ റോഡിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇതിൽ പ്രതിഷേധവും രൂക്ഷമായിരുന്നു. ഇതിൽ ജനങ്ങളുടെ ബുദ്ധിമുട്ട് അറിയിക്കാനാണ് ഇത്തരമൊരു പ്രവൃത്തിയെന്നായിരുന്നു ശിവസേന പ്രവർത്തകരുടെ പ്രതികരണം.
സഞ്ജയ് നഗർ, സൂരജ് ബാഗ് നിവാസികൾ മാലിന്യങ്ങൾ വലിച്ചെറിഞ്ഞത് അഴുക്ക് ചാലിൽ നിന്നും വെളളം കവിഞ്ഞ് ഒഴുകുന്നതിലേക്ക് നയിച്ചു. ജനങ്ങൾ അവരുടെ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്തു. എന്റെ ഉത്തരവാദിത്വം എന്ന നിലയിൽ ഞാനും ശിവസേന പ്രവർത്തകരും അഴുക്ക് ചാലുകൾ വൃത്തിയാക്കാൻ കഠിനമായി പരിശ്രമിക്കുന്നു. എന്നാൽ ഈ ഉത്തരവാദിത്വം ഏറ്റെടുത്ത കരാറുകാരൻ അത് ശരിയായി ചെയ്തില്ലെന്നും ലാൻഡെ പ്രതികരിച്ചു.
ലാൻഡയുടെ പ്രവൃത്തിക്കെതിരെ രൂക്ഷവിമർശനവുമായി നിരവധിപേർ രംഗത്തെത്തി. മുനിസിപ്പൽ കോർപ്പറേഷൻ തലത്തിൽ ശിവസേനയാണ് അധികാരത്തിലുളളതെന്ന് എല്ലാവർക്കും അറിയാം. അവർ കരാറുകാരനു നേരെ മാലിന്യം വലിച്ചെറിയുന്നു. ബ്രിഹാൻമുംബയ് മുനിസിപ്പൽ കോർപ്പറേഷന്റെ കാര്യങ്ങളുടെ ചുക്കാൻ പിടിക്കുന്ന ശിവസേന നേതാക്കൻമാർക്ക് നേരെ മാലിന്യം തളളണം. ഈ അഴിമതി അവരുടെ കണ്ണുകൾക്ക് മുന്നിൽ നടക്കട്ടെയെന്നും ബി.ജെ.പി എം.എൽ.എ രാം കാദം പറഞ്ഞു.