ശശികല തമിഴ്നാട്ടിലേക്ക് തിരിച്ചു: ‘ചിന്നമ്മ’യെ ആഘോഷത്തോടെ വരവേറ്റ് അണികൾ; വൻ സുരക്ഷാ സന്നാഹം

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിൽമോചിതയായ വി കെ ശശികല തമിഴ്നാട്ടിലേക്ക് തിരിച്ചു. ദേവനഹള്ളിയിലെ റിസോർട്ടിൽ നിന്ന് അണ്ണാഡിഎംകെയുടെ കൊടി വച്ച കാറിലാണ് ശശികല യാത്ര തിരിച്ചത്. മുൻ മുഖ്യമന്ത്രി ജയലളിത ഉപയോഗിച്ചിരുന്ന അതേ വാഹനമാണിത്. ശശികലയെ വരവേറ്റ് അണികൾ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. ബെംഗളൂരു മുതൽ ചെന്നൈ വരെ 32 ഇടങ്ങളിലാണ് സ്വീകരണ പരിപാടികൾ എന്നാണ് ഔദ്യോഗിക അറിയിപ്പെങ്കിലും 65ലേറെ ഇടങ്ങളിൽ ചിന്നമ്മയെ വരവേൽക്കാൻ പരിപാടികൾ ഒരുക്കിയിട്ടുണ്ടെന്നാണ് അണികൾ പറയുന്നത്.
തമിഴ്നാട്ടിലേക്കെത്തുന്ന ശശികല ടി നഗറിലുള്ള എംജിആറിൻറെ വസതിയിലെത്തി പ്രാർത്ഥിച്ച ശേഷം പ്രവർത്തകരെ കാണും. ശശികലയ്ക്കൊപ്പം ഇളവരശിയും ചെന്നൈയിലേക്ക് എത്തും. ശശികലയുടെ വരവിനോടനുബന്ധിച്ച് അണ്ണാ ഡിഎംകെ ആസ്ഥാനത്തും പൊയസ് ഗാർഡനിലെ ജയ സ്മാരകത്തിലും സുരക്ഷ കൂട്ടിയിട്ടുണ്ട്. ജയസമാധിയിലേക്ക് റാലിക്ക് സർക്കാർ അനുമതി നിഷേധിച്ചിട്ടുണ്ട്.
അണ്ണാ ഡിഎംകെയുടെ ഇപ്പോഴത്തെ നേതാവ് താൻ തന്നെയാണ് എന്ന നിലപാട് പ്രഖ്യാപിക്കാനാണ് ശശികലയുടെ ഇന്നത്തെ നീക്കങ്ങളെന്നാണ് സൂചന. ഇപിഎസ്-ഒപിഎസ് പക്ഷം ശശികലയെനേരത്തെ അണ്ണാഡിഎംകെയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ജയലളിതയെ ചതിച്ചവർക്കൊപ്പം പോകാനില്ലെന്ന നിലപാടാണ് ശശികല സ്വീകരിച്ചത്. അതുകൊണ്ടുതന്നെ തമിഴ്നാട് രാഷ്ട്രീയത്തിൽ ഇനിയെന്തൊക്കെ സംഭവിക്കുമെന്ന ആകാംക്ഷയാണ് ബാക്കിയാകുന്നത്.