CrimeLatest NewsNationalUncategorized
ആടിനെ കൊന്നെന്ന് സംശയം; നായയുടെ കാലുകൾ അറുത്തെടുത്ത് കൊലപ്പെടുത്തി യുവാക്കൾ ; കേസ്
ജയ്പൂർ: നായയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നാലു യുവാക്കൾക്കെതിരെ കേസ്. തങ്ങൾ വളർത്തുന്ന ആടിനെ അയൽവാസിയുടെ നായ കൊന്നതായി സംശയിച്ചായിരുന്നു യുവാക്കളുടെ ക്രൂരത. ഒരു വീട്ടിലെ നാലു പേർക്കെതിരെയാണ് രാജസ്ഥാനിലെ അൽവാറിൽ പോലീസ് കേസെടുത്തിരിക്കുന്നത്.
കൃപാൽ മീണ, മിദ്യ മീണ, ബാബു മീണ, സോനു എന്നിവർക്കെതിരെയാണ് കേസ്. നായയുടെ മൂന്ന് കാലുകൾ മുറിച്ചെടുത്ത യുവാക്കൾ ഇതിന്റെ വീഡിയോ മൊബൈൽ പകർത്തി. ഈ സമയത്ത് നായയുടെ ഉടമസ്ഥനായ അയൽവാസി അശോക് സംഭവമറിഞ്ഞ് സ്ഥലത്തെത്തിയെങ്കിലും യുവാക്കൾ തടഞ്ഞു.
രക്തംവാർന്നാണ് നായക്ക് ജീവൻ നഷ്ടപ്പെട്ടതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞിട്ടുണ്ട്. ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ആടിൻറെ കൊലക്ക് കാരണം തന്റെ നായയല്ലെന്നും തെരുവ്‌നായ്ക്കളാണെന്നും അശോക് വെളിപ്പെടുത്തി.