Kerala NewsLatest NewsPolitics

ദേശിയപാത പുനര്‍നിര്‍മാണത്തില്‍ ക്രമക്കേട്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എഎം ആരിഫ്

തിരുവനന്തപുരം: ജി സുധാകരന്‍ മന്ത്രിയായിരുന്ന കാലത്ത് നടത്തിയ ദേശീയപാത നവീകരണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എഎം ആരിഫ് എംപി. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന് നല്‍കിയ കത്തിലാണ് ആലപ്പുഴ എംപി അന്വേഷണം ആവശ്യപ്പെടുന്നത്. മൂന്ന് വര്‍ഷം ഗ്യാരന്റിയോട് കൂടി നവീകരിച്ച ദേശീയ പാത ഒന്നര വര്‍ഷം ആകുന്നതിന് മുന്‍പ് യാത്ര ദുഷ്‌കരമാക്കുന്ന വിധത്തില്‍ കുണ്ടും കുഴിയും രൂപപ്പെട്ടു. 36 കോടി രൂപ ചിലവിട്ട് നടത്തിയ റോഡ് നിര്‍മാണത്തില്‍ സാരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നു. വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാക്കാരെ കണ്ടെത്തണമെന്നും ആലപ്പുഴ എംപി എഎം ആരിഫ് കുറ്റപ്പെടുത്തുന്നു.

2019 ല്‍ ജി സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് റോഡ് നവീകരണം നടത്തിയത്. അരൂര്‍ മുതല്‍ ചേര്‍ത്തല വരം 23.6 കിലോമീറ്ററായിരുന്നു നവീകരണം. ദേശീയ പാത 66 ന്റെ ഭാഗമായ ഈ റോഡ് ആധൂനിക ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മിച്ചത്. എന്നാല്‍ റോഡ് ഗതാഗത യോഗ്യമല്ലാതായെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. 36 കോടി രൂപ ചിലവിലായിരുന്നു റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കേന്ദ്ര സര്‍ക്കാറായിരുന്നു റോഡ് നിര്‍മാണത്തിന് ജര്‍മന്‍ സാങ്കേതികവിദ്യ എന്ന ആശയം മുന്നോട്ട് വച്ചത്. ഇതിനായി ഉപയോഗിച്ച ഫണ്ടും കേന്ദ്ര സര്‍ക്കാറിന്റേതായിരുന്നു.

കേന്ദ്രത്തിന്റെ ഫണ്ടാണെങ്കിലും സംസ്ഥാന പൊതുമരാമത്ത് ദേശീയപാതവിഭാഗത്തിന് ആയിരുന്നു നിര്‍മാണ ചുമതല. ഈ സാഹചര്യത്തിലാണ് മൂന്ന് വര്‍ഷം ഗ്യാരണ്ടി യോടെ നിര്‍മ്മിച്ച റോഡിന് നിലവാരം ഇല്ലെന്നും റോഡില്‍ ഉടനീളം കുഴികള്‍ രൂപപ്പെടുന്നെന്നും പ്രദേശത്തെ എംപി തന്നെ ആക്ഷേപം ഉന്നയിക്കുന്നത്. അതേസമയം, അമ്ബലപ്പുഴയില്‍ സിപിഐഎമ്മിന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച സംഭവിച്ചെന്ന വിഷയത്തില്‍ ജി സുധാകരനെതിരെ ഉള്‍പ്പെടെ പാര്‍ട്ടി കമ്മീഷന്‍ അന്വേഷണം നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ വിവാദം ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button