കവിയും ഗാനരചയിതാവുമായ എസ്.രമേശൻ നായർ വിടവാങ്ങി
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ എസ്.രമേശൻ നായർ (73) അന്തരിച്ചു. കൊറോണ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്. നൂറ്റൻപതോളം ചലച്ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചു. അറുന്നൂറിലധികം ചലച്ചിത്ര ഗാനങ്ങൾ, ആയിരത്തിലധികം ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
ഷഡാനനൻ തമ്പിയുടെയും പാർവതിയമ്മയുടെയും മകനായി 1948 മേയ് മൂന്നിന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്താണ് ജനനം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമ്മാതാവായും പ്രവർത്തിച്ചിട്ടുണ്ട്. എഴുത്തുകാരിയും റിട്ട. അധ്യാപികമായുമായ പി. രമയാണ് ഭാര്യ. ഏക മകൻ മനു രമേശൻ സംഗീത സംവിധായകനാണ്.
2010ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം, ആറാം വെണ്ണിക്കുളം സ്മാരക പുരസ്‌കാരം, ആശാൻ പുരസ്‌കാരം എന്നിവ രമേശൻ നായർക്ക് ലഭിച്ചിട്ടുണ്ട്. ഗുരുപൗർണ്ണമി എന്ന കാവ്യസമാഹാരത്തിന് 2018-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.