ലൈംഗിക ചുവയോടെ സംസാരിച്ച് സിപിഎം നേതാവ്; നടപടിയെടുക്കാതെ പാര്‍ട്ടി
ലോണിനായി ബാങ്കില്‍ എത്തിയ യുവതിയോട് സി പി എം നേതാവ് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് പരാതി. ലോണിനായി ബാങ്കില്‍ എത്തിയ പാര്‍ട്ടിക്കാരിയായ യുവതിയോട് സി പി എം നേതാവ് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് ആരോപണവുമായി യുവതിയാണ് രംഗത്തെത്ത്ിയത്.
പിണറായി ഫാര്‍മേഴ്‌സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയും സി പി എം ധര്‍മ്മടം അണ്ടല്ലൂര്‍ കിഴക്കും ഭാഗം ബ്രാഞ്ച് സെക്രട്ടറിയുമായ നിഖില്‍ നരങ്ങോലിക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. നിഖില്‍ യുവതിക്ക് അയച്ച വാട്‌സാപ്പ് സന്ദേശങ്ങളും പുറത്തു വന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് യുവതി പരസ്യമായി ചോദ്യം ചെയ്തു. ഇതോടെ ബാങ്ക് ഇയാളെ സസ്‌പെന്‍ഡുചെയ്തതെങ്കിലും പാര്‍ട്ടി ഇതുവരെ ഇയാള്‍ക്കെതിരെ നടപടി എടുത്തിട്ടില്ല.
ബാങ്കില്‍ ലോണിനായി അപേക്ഷ സമര്‍പ്പിച്ച യുവതിക്ക് കഴിഞ്ഞയാഴ്ചയാണ് ഈ ദുരനുഭവമുണ്ടായത്. അര്‍ദ്ധരാത്രി ഫോണില്‍ വിളിക്കുന്ന നിഖില്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും വാട്‌സാപ്പില്‍ നിരന്തരം മെസേജ് അയയ്ക്കുകയും ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം. ശല്യം തുടര്‍ന്നതോടെ ബന്ധുക്കളെയും കൂട്ടി ബാങ്കിലെത്തി സെക്രട്ടറിയെ പരസ്യമായി ചോദ്യം ചെയ്തു.
നിഖിലിനെതിരെ നടപടി എടുത്തില്ലെങ്കില്‍ ബാങ്കിന് മുന്നില്‍ നിരാഹാരം കിടക്കും എന്ന് പ്രസിഡന്റിനെ അറിയിച്ചതോടെ ജനറല്‍ ബോഡി കൂടി നിഖിലിനെ സസ്‌പെന്‍ഡു ചെയ്യുകയായിരുന്നു. അതേസമയം പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിഖില്‍ ഇപ്പോഴും തുടരുകയാണ്. പരാതിയെക്കുറിച്ച് പരിശോധിക്കുന്നു എന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം സ്ത്രീകള്‍ക്ക് നേരെയുണ്ടായുന്ന ഇത്തരം അതിക്രമങ്ങള്‍ തുടര്‍കഥയാവുകയാണ്.