വിനോദ സഞ്ചാര മേഖലകളില്‍ പ്രത്യേക ശ്രദ്ധ വേണം, 8 സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശം
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗ വ്യാപനം അവസാനിച്ചിട്ടില്ലെന്നും വിനോദ സഞ്ചാര മേഖലകളില്‍ ശ്രദ്ധവേണമെന്നും കേന്ദ്രം. കോവിഡ് രണ്ടാം തരംഗ വ്യാപനം അവസാനിച്ചിട്ടില്ലാത്തതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വിനോദ സഞ്ചാര മേഖലകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നതായുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉറപ്പാക്കാന്‍ എട്ട് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവും നല്കി.
വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിന്് ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു്. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നിലയിലാണുള്ളതെന്ന് യോഗം വിലയിരുത്തി. രാജ്യത്ത് ടിപിആര്‍ കുറയുന്നുണ്ട്. എന്നാല്‍ കേരളം, ഗോവ, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്, തമിഴ്നാട്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ടിപിആര്‍ 10ന് മുകളിലാണുളലത്. ഇത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.
വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കൂടുതലായുള്ള സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് യോഗത്തില്‍ നിര്‍ദേശം നല്കി. കേരളം, ഗോവ, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്, തമിഴ്നാട്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് 19 സാഹചര്യവും വാക്സിനേഷന് സംബന്ധിച്ച സ്ഥിതിയും യോഗത്തില്‍ വിലയിരുത്തി.
വിനോദഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ പ്രത്യേക കരുതല്‍ എടുക്കണമെന്നും യോഗം നിര്‍ദേശിച്ചു. മാസ്ക്, സാമൂഹ്യ അകലം തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചുകൊണ്ടുമാത്രമേ വിനോദ സഞ്ചാരികളെ അനുവദിക്കാവൂ. നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍, ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ ഡിജിപിമാര്‍, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.