ട്രെയിനില്‍ യുവതിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്നു; കുറ്റപത്രം സമര്‍പ്പിച്ചു
ഗുരുവായൂര്‍: മുളന്തുരുത്തിയില്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശിയായ ബാബുക്കുട്ടന് ഉള്‍പ്പെടെ അഞ്ചു പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വര്‍ക്കല അയിരൂര്‍ കനാല്‍ പുറന്്പോക്കില് സുരേഷ്, മകന് മുത്തു, ശ്രീനിലയം അച്ചു, വര്‍ക്കല, മുത്താന സ്വദേശി പ്രദീപ് എന്നിവരാണ് മറ്റു പ്രതികള്‍.
ഏപ്രില്‍ 28 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചറില്‍ വെച്ചായിരുന്നു മുളന്തുരുത്തി സ്വദേശി ആശ മുരളീധരനെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്നത്. സംഭവത്തിനു ശേഷം ഒളിവിലായിരുന്നു ഒന്നാം പ്രതി ബാബുക്കുട്ടനെ പത്തനംതിട്ട ചിറ്റാറില്‍ നിന്നാണ് പിടികൂടിയത്.
ബാബുക്കുട്ടനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചിരുന്നത് മറ്റു പ്രതികളാണ്. ഇവര്‍ ഒരുമിച്ചാണ് മോഷണ മുതല്‍ പങ്കിട്ടെടുത്തത്. മുത്തുവും പ്രദീപുമാണു സ്വര്‍ണാഭരണങ്ങള്‍ വിറ്റത്. റെയില്‍വേ പോലീസിന്റെ ഇരുപതംഗ സംഘമാണ് കേസന്വേഷണം നടത്തിയത്.
വിറ്റുകിട്ടിയ 60,000 രൂപ ഇവര്‍ സുരേഷിനെ ഏല്പിച്ചു. സുരേഷാണ് തുക വീതിച്ചു നല്‍കിയത്. പ്രതികള്‍ക്കെതിരെ കൊലപാതകശ്രമം, കവര്‍ച്ച, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. തൊണ്ണൂറോളം പേരെ സാക്ഷികളാക്കിയിട്ടുണ്ട്. സംഭവം ദിവസം ഗുരുവായൂരില്‍ നിന്ന് ബാബുക്കുട്ടന് തീവണ്ടിയിലെ ഡി 10 കമ്പാര്‍ട്ട്മെന്റില്‍ കയറി.
മുളന്തുരുത്തിയില്‍ വച്ച് യുവതി ഡി ഒമ്പത് കമ്പാര്‍ട്ടുമെന്റില്‍ കയറുന്നത് ബാബുക്കുട്ടന് കണ്ടു. ശേഷം ഇയാള്‍ കമ്പാര്‍ട്ടുമെന്റിന്റെ മുന്‍പിലത്തെ വാതില്‍ വഴി അകത്തു കയറി. മറ്റു യാത്രക്കാരൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷം യുവതിയെ ആക്രമിക്കുകയും ആഭരണങ്ങള്‍ കവര്‍ന്നെടുക്കുകയുമായിരുന്നു. ഒലിപ്പുറം ലെവല്‍ ക്രോസിനു സമീപത്തു വച്ച് യുവതി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു.