ശബരിമല നടത്തുറക്കുമ്പോള്‍ കെ.എസ്.ആര്.ടി.സി ബസ് സര്‍വീസുകളും നടത്തും
തിരുവനന്തപുരം: കര്‍ക്കടകമാസ പൂജകള്‍ക്കായി 16 ന് വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കും. ഇതിന്റെ ഭാഗമായി കെ എസ് ആര് ടി സി പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കും. ജൂലൈ 16 മുതല്‍ ജൂലൈ 21 വരെയാണ് ശബരിമല തുറക്കുക. ഈ കാലയളവില്‍ കെ എസ് ആര് ടി സി പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ഭക്തര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ ഹാജരാക്കിയാല്‍ മാത്രമേ പ്രവേശനം അനുവദിക്കു.
തീര്‍ത്ഥാടകരുടെ നിരക്കനുസരിച്ച് ബസ് പ്രത്യേക സര്‍വീസ് നടത്തും. ഇതിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍, പത്തനംതിട്ട, പുനലൂര്‍, കൊട്ടാരക്കര യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ നിലക്കല്‍- പമ്പ ചെയിന്‍ സര്‍വീസിനായി 15 ബസുകളാണ് അനുവദിച്ചത്. തീര്‍ത്ഥാടകരുടെ എണ്ണത്തിന് അനുസരിച്ച് ബസുകളുടെ എണ്ണം കൂട്ടും.
കോവിഡ് പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് ഇരുന്നുള്ള യാത്രമാത്രമേ അനുവദിക്കുകയുള്ളു എന്നും മന്ത്രി അറിയിച്ചു. ഭക്തരുടെ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്നും കോട്ടയം എരുമേലി എന്നീ ഡിപ്പോകളില്‍ നിന്നും പമ്പയിലേക്ക് സര്‍വീസുകള്‍ നടത്തുന്ന കാര്യവും ആലോചിക്കുന്നുണ്ട്.