ദോഹ: ടൂറിസം മേഖല വികസിപ്പിച്ചെടുക്കാന്‍ പദ്ധതിയിട്ട് രാജ്യം. പദ്ധതിയുടെ ഭാഗമായി അവധിക്കാല വീടുകളെ ഹോട്ടലുകളായി പരിഗണിക്കാനുള്ള നടപടിയുമായി ഖത്തര്‍ മന്ത്രിസഭ. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനിയുടെ അധ്യക്ഷതയില്‍ അമീരി ദിവാനില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.
രാജ്യത്ത് കുടുംബത്തോടൊപ്പവും അല്ലാതെയും എത്തുന്ന വിദേശികള്‍ക്ക് ഗൃഹാന്തരീക്ഷത്തിലുള്ള താമസ സൗകര്യം ഒരുക്കുകയെന്നതാണ് ഇതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. ഇതോടെ ടൂറിസ്റ്റുകള്‍ രാജ്യത്ത് താമസിക്കുമ്പോള്‍ അവര്‍ക്ക് ഇവിടം വീടുപോലെ തോന്നും എന്നാണ് അധികാരികള്‍ വിലയിരുത്തുന്നത്. ഇപ്പോള്‍ ഇങ്ങനെ ഒരു പദ്ധതി നടപ്പാക്കാന്‍ ദോഹ തയ്യാറാകുന്നുണ്ടെങ്കില്‍ അത് ഭാവിയില്‍ ദോഹയില്‍ വച്ച് നടക്കാന്‍ പോകുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള അവസരങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടെന്നാണ് പുറത്ത്ു വരുന്ന റിപ്പോര്‍ട്ടുകള്‍.
പരമാവധി മുപ്പത് ദിവസം വരെയാണ് ഒന്നിച്ച് ഹോട്ടല്‍ എന്ന രൂപത്തില്‍ താമസത്തിനായി വാടകയ്ക്ക് നല്‍കാനായി ഉദ്ദേശിക്കുന്നത്. താമസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെട്ട ഫര്‍ണിഷ് ചെയ്ത വീടുകളാണ് അവധിക്കാല വീടുകളായി കണക്കാക്കുക.
ഇത്തരം മുറികള്‍, അപാര്‍ട്ട്മെന്റുകള്‍, വില്ലകള്‍, വീടുകള്‍, ക്യാമ്പുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. പൂര്‍ണമായോ ഭാഗികമായോ ഇവ വാടകയ്ക്ക് നല്‍കുക. ദിവസ വാടക അടിസ്ഥാനത്തിലോ ആഴ്ച്ച വാടക അടിസ്ഥാനത്തിലോ മറ്റോ ടൂറിസ്റ്റുകള്‍ക്ക് അവധിക്കാല വീടുകളെ ഹോട്ടലുകളായി നല്‍കാനാണ് അധികൃതര്‍ തീരുമാനിച്ചത്.