കോഴിക്കോട്ടെ മോഷണക്കേസ്; പ്രതി മോഷണരീതി പഠിച്ചത് യൂട്യൂബിൽ നിന്നും

കോഴിക്കോട്: വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച പ്രതി അഖിൽ മോഷണ രീതികൾ പഠിച്ചത് യൂട്യൂബിൽ . സാമ്പത്തിക പ്രതിസന്ധികൾ രൂക്ഷമായതോടെ അതിൽ നിന്ന് കരകയറാനാണ് വെസ്റ്റ്ഹിൽ സ്വദേശിയായ 32 കാരൻ അഖിൽ മോഷണത്തിലേക്ക് ഇറങ്ങിയതെന്നാണ് പോലീസിനോട് പറഞ്ഞത് .മോഷണ രീതികൾ സസൂക്ഷ്മം പഠിക്കാനായി വീഡിയോകൾ കാണും. ഇതിൽ നിന്നാണ് ചെരുപ്പ് ധരിക്കാതെ പതുങ്ങി കുനിഞ്ഞ് മാത്രം നടക്കണമെന്ന് പ്രതി പഠിച്ചെടുത്തത്. മോഷണ അറിവുകൾക്കായി സമൂഹമാധ്യമങ്ങളും ഉപയോഗിച്ചിരുന്നതായി പ്രതി പൊലീസിനോട് പറഞ്ഞു.മറ്റൊരു മോഷണ ശ്രമത്തിനിടെയാണ് അഖിലിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. കക്കോടിയിൽ പൂട്ടിക്കിടന്ന വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിൽ അഖിൽ മോഷണത്തിനെത്തി. ഇത് നാട്ടുകാർ അറിഞ്ഞതോടെ സ്‌കൂട്ടർ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു. തുടർന്ന് സ്‌കൂട്ടർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടിച്ച മറ്റൊരു സ്‌കൂട്ടറിൽ സഞ്ചരിക്കവെ പാറക്കുളത്ത് വെച്ചാണ് അഖിൽ പിടിയിലായത്.ചെറുതും വലുതുമായ 14ഓളം കവർച്ചകളാണ് കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് മാത്രം അഖിൽ നടത്തിയിട്ടുള്ളത്. പൂട്ടിക്കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രതി അധികവും കവർച്ച നടത്തിയിരുന്നത്. വ്യാഴാഴ്ച രാത്രിയാണ് മല്ലിശേറി താഴം മധുവിന്റെ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണാഭരണം അഖിൽ മോഷ്ടിച്ചത്. ഈ കേസിലാണ് അഖില്‍ പൊലീസ് പിടിയിലായത്.
Tag: Kozhikode theft case; the accused learned the method of theft from YouTube