ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്
കൊച്ചി: തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ഇന്നലെ വൈകീട്ടാണ് ഇടപ്പള്ളിയിലെ ഫ്‌ലാറ്റില്‍ അനന്യയെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. റേഡിയോ ജോക്കി അവതാരക എന്നീ നിലകളില്‍ പ്രശസ്തയാണ് അനന്യ. മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി.
ലിംഗമാറ്റ ശസ്ത്രക്രിയക്കിടെ സംഭവിച്ച പിഴവിനെ തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്‌നം നേരിടുകയാണെന്ന് കഴിഞ്ഞ ദിവസം അനന്യ വെളിപ്പെടുത്തിയിരുന്നു.
ഇതേ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ്് സുഹൃത്തുക്കളുടെ ആരോപണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആദ്യ ട്രാന്‍സ് സ്ഥാനാര്‍ത്ഥിയെന്ന വിശേഷണത്തോടെ വേങ്ങരയില്‍ നിന്നും മത്സരിയ്ക്കാന്‍ പ്രചാരണം ആരംഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ടിക്കറ്റ് നല്‍കിയ ഡിഎസ്ജിപിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് മത്സര രംഗത്തു നിന്നും പിന്‍മാറുകയായിരുന്നു.