11-കാരിയെ ഫോണിലൂടെ ലൈംഗികചേഷ്ടകള്‍ ചെയ്യിപ്പിച്ച് വീഡിയോ പകര്‍ത്തി യുവാവ് പിടിയില്‍
പാമ്പാടി: 11-കാരിയെ ഫോണിലൂടെ ലൈംഗികചേഷ്ടകള്‍ ചെയ്യിപ്പിച്ച് വീഡിയോ പകര്‍ത്തിയ യുവാവ് പിടിയില്‍. വീഡിയോകോള്‍ വഴി ലൈംഗിക ചേഷ്ടകള്‍ ചെയ്യിപ്പിച്ച് റക്കോഡ് ചെയ്തശേഷം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചയാളാണ് പിടിയിലായത്. കൊല്ലം വര്‍ക്കല കെട്ടിടത്തില്‍ എസ്.ഷിജു (35) വിനെയാണ് സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. മിസ്ഡ് കോളിലൂടെയാണ് മലേഷ്യയിലായിരുന്ന പ്രതി വീട്ടുകാരുമായി പരിചയപ്പെട്ടത്.
കുട്ടിയുടെ മുത്തശ്ശിയാണ് പ്രതി വിളിച്ചപ്പോള്‍ ഫോണെടുത്തത്. വിദേശത്തുള്ള ബന്ധുവാണെന്ന് തെറ്റിദ്ധരിച്ചാണ് മുത്തശ്ശി ഇയാളുമായി വിവരങ്ങള്‍ പങ്കുവച്ചത്. എന്നാല്‍ ഇത് മുതലാക്കി പലതവണ വിളിച്ച് മുത്തശ്ശിയുമായി അടുപ്പം സ്ഥാപിക്കുകയും ചെയ്തു. കുട്ടിയുടെ രക്ഷിതാക്കള്‍ വിദേശത്താണ്. പെണ്‍കുട്ടിക്ക് ഓണ്‍ലൈന്‍ ട്യൂഷനെടുത്തുനല്‍കാനെന്ന് പറഞ്ഞ് വാട്ട്‌സ് ആപ്പ് നമ്പര്‍ വാങ്ങുകയും തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസിന്റെ പേരില്‍ പെണ്‍കുട്ടിയുമായി ഫോണിലൂടെ അടുപ്പം സൃഷ്ടിക്കുകയും ചെയ്തു. ഓണ്‍ലൈന്‍ ക്ലാസെന്ന വ്യാജേന കുട്ടിയെ തനിച്ച് മുറിയില്‍ കയറ്റിയശേഷം നിര്‍ബന്ധിച്ച് ലൈംഗികചേഷ്ടകള്‍ ചെയ്യിപ്പിച്ച് രംഗങ്ങള്‍ ഫോണില്‍ റെക്കോഡ് ചെയ്യുകയായിരുന്നു.
ശേഷം ഈ വീഡിയോ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടുകാരോട് പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പാമ്പാടി പോലീസില്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പാമ്പാടി എസ്.ഐ.യായിരുന്ന വി.എസ്.അനില്‍കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് മലേഷ്യയിലായിരുന്ന പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി ഇത്തരത്തില്‍ സമാനമായ രീതിയില്‍ നിരവധി സ്ത്രീകളെയും കുട്ടികളെയും ഫോണില്‍ വിളിച്ച് ലൈംഗികവീഡിയോ പകര്‍ത്തിയതായി കണ്ടെത്തി.
പ്രതിയുടെ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും രഹസ്യമായി പോലീസ് ശേഖരിക്കുകയും സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇയാളെ പോലീസ് രഹസ്യമായി പിന്തുടരുകയുമായിരുന്നു. ഇയാള്‍ വ്യാഴാഴ്ച ചെന്നൈ വിമാനത്താവളത്തിലെത്തുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചെന്നൈ പോലീസിന്റെ സഹായത്തോടെ വിമാനത്താവളത്തിലെത്തിയ പ്രതിയെ പിടികൂടി മീനമ്പാക്കം കോടതിയില്‍ ഹാജരാക്കിയ ശേഷം പാമ്പാടി സ്റ്റേഷനിലെത്തിച്ചു. പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എസ്.ഐ. പി.എസ്.അംശു, സി.പി.ഒ.മാരായ സജിത്ത്കുമാര്‍, ഷാജി എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.