പ്രായം 18 മാസം; കുഞ്ഞിന്റെ വയറ്റില്‍ വളര്‍ച്ചയെത്താത്ത ഭ്രൂണം, ഞെട്ടി ഡോക്ടര്‍മാര്‍
അഹമ്മദാബാദ്: 18 മാസം പ്രായമായ കുഞ്ഞിന്റെ വയറ്റില്‍ വളര്‍ച്ചയെത്താത്ത ഭ്രൂണം കണ്ടത്തി. ഇത് ശസ്ത്രക്രിയയിലൂടെ വിജയകരമായി പുറത്തെടുത്തു. അഹമ്മദാബാദിലാണ് സംഭവം. സിവില്‍ ആശുപത്രിയില്‍ നടത്തിയ് അപൂര്‍വമായ ഈ ശസ്ത്രക്രിയയിലൂടെ 400 ഗ്രാം ഭാരമുള്ള ഭ്രൂണമാണ് പുറത്തെടുത്തത്.
മധ്യപ്രദേശ് സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍. കഠിനമായ വയറുവേദനയെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൂന്ന് മാസം മുമ്പാണ് കുഞ്ഞിന് വയറുവേദന തുടങ്ങിയത്. ഇതോടെ നിരവധി ഡോക്ടര്‍മാരെ കാണിച്ചെങ്കിലും അസുഖത്തിന്റെ കാരണമെന്താണെന്ന് കണ്ടെത്താന്‍ സാധിച്ചില്ല. മധ്യപ്രദേശിലേയും രാജസ്ഥാനിലേയും നിരവധി ആശുപത്രികളില്‍ മാതാപിതാക്കള്‍ ചികിത്സക്കായി പോയിരുന്നു. സമാനമായ മറ്റൊരു കേസിനെ കുറിച്ച് ട്വിറ്ററിലൂടെ വായിച്ചാണ് മാതാപിതാക്കള്‍ അഹമ്മദാബാദില്‍ എത്തുന്നത്. കുഞ്ഞിന് അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ ശരിയായ ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് അവര്‍ ആശുപത്രിയില്‍ എത്തിയത്.
വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ്് കുഞ്ഞിന്റെ വയറ്റില്‍ വളര്‍ച്ചയെത്താത്ത ഭ്രൂണം ഉണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടത്്. സോണോഗ്രഫി പരിശോധനയിലാണ് ഇത് കണ്ടെത്തിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും അഞ്ച് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന ‘ഫീറ്റസ് ഇന്‍ ഫീറ്റു’ എന്ന മെഡിക്കല്‍ അവസ്ഥയാണിതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഗര്‍ഭാവസ്ഥയില്‍ ഇരട്ട ഭ്രൂണങ്ങളില്‍ ഒന്ന് പൊക്കിള്‍ക്കൊടി വഴി മറ്റൊന്നിന്റെ ഉള്ളില്‍ പ്രവേശിക്കുന്ന അവസ്ഥയാണ് ‘ഫീറ്റസ് ഇന്‍ ഫീറ്റു.
ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സമാനമായ ശസ്ത്രക്രിയ ഈ വര്‍ഷം മാര്‍ച്ചില്‍ ഒമാനിലും നടന്നിരുന്നു. എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞായിരുന്നു സമാനമായ രീതിയില്‍ ശസ്ത്രിക്രിയ നടത്തിയത്്. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യ നില മെച്ചപ്പെട്ട കുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.