സാലഡ് അലര്‍ജിയാണെങ്കില്‍ കോണ്‍ഗ്രസ് നേതാവ് മീന്‍ കറി ഉണ്ടാക്കട്ടെ; കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ മതിയായ ചര്‍ച്ചകള്‍ നടത്താതെ ബില്ലുകള്‍ പാസാക്കിയെതിനെതിരെ തൃണമൂല്‍ എം.പി. രംഗത്തെത്തിയിരുന്നു.
ഇതിനെതിരെയായിരുന്നു കേന്ദ്രമന്ത്രിയുടെ വിമര്‍ശനം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന് സാലഡ് അലര്‍ജിയാണെങ്കില്‍ അദ്ദേഹം മീന്‍ കറി ഉണ്ടാക്കിക്കോട്ടെ. പക്ഷെ പാര്‍ലമെന്റിനെ ഒരു മത്സ്യച്ചന്തയാക്കി മാറ്റരുതെന്ന് മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.
പാര്‍ലമെന്റിനെ തകര്‍ക്കാന്‍ വേണ്ടി ഇത്തരത്തില്‍ ഗൂഢാലോചനയോടെ പ്രവര്‍ത്തിക്കുന്നവരെ ഇതിന് മുമ്പ് കണ്ടിട്ടില്ല. നിങ്ങള്‍ പാര്‍ലമെന്റിന്റെ പാരമ്പര്യത്തെയാണ് കളങ്കപ്പെടുത്തുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അതേസമയം വേഗത്തില്‍ ബില്ലുകള്‍ പാസാക്കിയെതിനെതിരെ കഴിഞ്ഞ ദിവസമായിരുന്നു എം.പി ഡെറിക് ഒബ്രിയന്‍ സമൂഹമമാധ്യമമായ ട്വിറ്ററിലൂടെ വിമര്‍ശിച്ചത്. സാലഡ് പോലെ കേന്ദ്രം ബില്ലുകള്‍ പാസ്സാക്കുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതേസമയം കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുള്‍പ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ രംഗത്ത് വന്നത്.
തികച്ചും ഭരണഘടനാ ലംഘനമാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് പാര്‍ലമെന്ററി ചര്‍ച്ചയില്‍ ആരോപിച്ച പ്രധാനമന്ത്രി എം.പി ഡെറിക് ഒബ്രിയയുടെ വിമര്‍ശനങ്ങള്‍ക്കെതിരയും പ്രതികരിക്കുകയായിരുന്നു.