ന്യൂഡല്‍ഹി: ലൈഗീക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ചിത്രം വെളിപ്പെടുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ് നീക്കിയതായി കഴിഞ്ഞ ദിവസം ടിറ്റര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്ററിന് പിന്നാലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും താത്കാലികമായി മരവിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
കോണ്‍ഗ്രസ് മാധ്യമവക്താവ് രണ്‍ദീപ് സുര്‍ജേവാല ഉള്‍പ്പടെ അഞ്ച് മുതിര്‍ന്ന നേതാക്കളുടെ അക്കൗണ്ടും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തതായാണ് വിവരം. സാമൂഹമാധ്യമ ചട്ടങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ അജയ് മാക്കന്‍, ലോക്സഭാ വിപ്പ് മാണിക്കം ടാഗോര്‍, മുന്‍ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സുഷ്മിത ദേവ് എന്നിവരുടെ അക്കൗണ്ടുകളും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ ക്രൂരപീഡനത്തിനിരയായി ഒന്‍പതുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ രാഹുല്‍ ഗാന്ധി പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു.
ഇതിനിടയില്‍ രാഹുല്‍ പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ കഴിയുന്നതരത്തില്‍ ബന്ധുക്കളുടെ ഫോട്ടോയും ചേര്‍ത്ത് ട്വിറ്റ് ചെയ്തു.സംഭവം വിവാദമായതോടെ ഇതിനെതിരെ ദേശീയ ബാലാവകാശ കമ്മിഷന്‍ ട്വിറ്ററിനോട് വിശദീകരണം ചോദിച്ചു കൊണ്ട് നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് ട്വിറ്ററിന്റെ വിശദീകരണം ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. ഇതിന് വിശദീകരണമായി രാഹുലിന്റെ അക്കൗണ്ട് മരവിപ്പിച്ചെന്ന് ട്വിറ്റര്‍ അറിയിച്ചിരുന്നത് കഴിഞ്ഞ ദിവസമായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഞങ്ങളുടെ പോളിസിക്ക് വിരുദ്ധമാണെന്നും അതിനാല്‍ ട്വീറ്റ് നീക്കുകയും അദ്ദേഹത്തിന്റെ അക്കൗണ്ട് ലോക്ക് ചെയ്യുകയും ചെയ്തു എന്നും ട്വിറ്റര്‍ ഇന്ത്യ ദില്ലി ഹൈക്കോടതിയില്‍ അറിയിക്കുകയായിരുന്നു. കേസിലേക്ക് പരാതിക്കാരന്‍ അനാവശ്യമായി ട്വിറ്ററിനെ വലിച്ചിഴച്ചതാണെന്നും ട്വിറ്റര്‍ കോടതിയില്‍ പറഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ തിരിച്ചറിയപ്പെടുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയതിനാല്‍ മകരന്ദ് സുരേഷ് മദ്‌ലേകര്‍ എന്നയാളുടെ പരാതിയിലായിരുന്നു ഹൈക്കോടതി ട്വിറ്ററിനോട് വിശദീകരണം ചോദിച്ചത്.
പിന്നീട് മറ്റ് സമൂഹമാധ്യമങ്ങള്‍ വഴിയായിരുന്നു രാഹുല്‍ ഗാന്ധി ജനങ്ങളോട് സംവന്തിച്ചത്.ഇതിന് പുറകെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ട്വിറ്ററും മരവിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ എഐസിസി സെക്രട്ടറി ഇന്‍ ചാര്‍ജ് പ്രണവ് ജാ ചോദ്യമുയര്‍ത്തിയിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് തടയിടാന്‍ ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ടിട്ടാല്‍ സാധിക്കുമെന്നാണ് മോദി കരുതുന്നതെന്ന് എഐസിസി സെക്രട്ടറി ഇന്‍ ചാര്‍ജ് പ്രണവ് ജാ വ്യക്തമാക്കി.
കാലാപാനി ജയിലിന് മുന്നില്‍ പോരാട്ടം നടത്തിയ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നകാര്യം മോദി മനസ്സിലാക്കണമെന്നും തെറ്റുകള്‍ക്കെതിരായ പോരാട്ടം തുടുമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം ഇത്തരത്തില്‍ നിരവധി രാഷ്ട്രീയ പ്രമുഖരാണ് ട്വിറ്ററിനെതിരയും കേന്ദ്രത്തിനെതിരയും രംഗത്ത് വന്നിരിക്കുന്നത്.