കോവിഡ് ബാധിച്ചവര്‍ക്ക് ക്ഷയരോഗ പരിശോധന കൂടി നടത്താനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു : കോവിഡ് ബാധിച്ചവരിലും അവരുടെ കുടുംബാംഗങ്ങളിലും ക്ഷയരോഗ പരിശോധന കൂടി നടത്തണമെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി ഡോ കെ സുധാകര്‍. കോവിഡ് അണുബാധയില്‍ നിന്ന് കരകയറിയ 28 ലക്ഷത്തിലധികം ആളുകള്‍ സംസ്ഥാനത്തുണ്ട്. കോവിഡ്, ടിബി എന്നിവ ശ്വാസകോശത്തെ ബാധിക്കുന്നതിനാല്‍, വൈറസില്‍ നിന്ന് സുഖം പ്രാപിച്ച ആളുകളില്‍ ക്ഷയരോഗം നേരത്തേ കണ്ടെത്തുന്നത് ഉറപ്പാക്കാന്‍ പ്രത്യേക ഡ്രൈവ് ആരംഭിച്ചതായി മന്ത്രി പറഞ്ഞു.
സംസ്ഥാനത്തുടനീളം ആഗസ്റ്റ് 16 മുതല്‍ 31 വരെയാണ് ക്ഷയരോഗ പരിശോധന നടത്തുന്നത്. 2017 മുതല്‍ 75 ലക്ഷം പേര്‍ക്കാണ് ക്ഷയരോഗം ബാധിച്ചതെന്ന് സംശയിക്കുന്നത്. 88 ശതമാനം പേര്‍ക്ക് പരിശോധന നടത്തുകയും ചെയ്തു. ഏകദേശം 3.9 ശതമാനം പേര്‍ക്ക് ക്ഷയരോഗം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
2025 ഓടെ ഇന്ത്യയെ ക്ഷയരോഗത്തില്‍ നിന്ന് മുക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുധാകര്‍ വ്യക്തമാക്കി.