അര്‍ണബിനെ അറസ്റ്റ് ചെയ്യാന്‍ പറഞ്ഞത് അനില്‍ ദേശ്മുഖ്: സച്ചിന് വാസെ
മുംബൈ: ഇന്ത്യയൊട്ടാകെ കോളിളക്കം സൃഷ്ടിച്ച വ്യാജ ടിആര്‍പി കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ മൊഴി. അന്വേഷണ ഉദ്യോഗസ്ഥനും മുംബൈ പോലീസ് അസിസ്റ്റന്റ് പോലീസ് ഇന്‍സ്പെക്ടറുമായ സച്ചിന് വാസെയാണ് ഇഡിയുടെ മുന്നില്‍ അനില്‍ ദേശ്മുഖിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്.
ടിആര്‍പി അഴിമതി കേസ് പിന്തുടരാനും റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യാനും അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടു എന്നാണ് വാസെ ഇഡിയോട് വെളിപ്പെടുത്തിയിട്ടുള്ളത്. അന്വേഷണ സമയത്ത് അനില്‍ ദേശ്മുഖ് പല തവണ ഇടപെട്ടിട്ടുണ്ടെന്നാണ് വാസെ പറയുന്നത്. ദേശ്മുഖ് പലതവണ വാസെയെ വിളിക്കുകയും കേസിന്റെ പല ഘട്ടങ്ങളിലും ഇടപെടലുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
ടിആര്‍പി അഴിമതി കേസിലെ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അനില്‍ ദേശ്മുഖ് അദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലും വിളിച്ചുവരുത്തി കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും വാസെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല മഹാരാഷ്ട്രയിലെ ബാറുകളില്‍ നിന്നും മറ്റു കച്ചവടസ്ഥാപനങ്ങളില്‍ നിന്നും 150 കോടി സമാഹരിച്ചു നല്കാന് ദേശ്മുഖ് തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാസെ ഇഡിക്കു നല്കിയ മൊഴിയില്‍ പറയുന്നു.
ടിആര്‍പി കേസില്‍ മുന്‍പ് അന്വേഷണം നടത്തിയ പരംബീര്‍ സിംഗ് എന്ന ഉദ്യോഗസ്ഥനെ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന അനില്‍ ദേശ്മുഖ് ഇടപെട്ടാണ് മാറ്റിയത്. അദ്ദേഹത്തിന്റെ അന്വേഷണം വസ്തുനിഷ്ഠവും സത്യസന്ധവുമായിരുന്നു. പരംബീര്‍ സിംഗിനോടും പൈസ സമാഹരിക്കാന്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃത ഫണ്ട് പിരിവ് തുടങ്ങി അനില്‍ ദേശ്മുഖിനെതിരെ ഇഡി നിരവധി കേസുകള്‍ ചാര്‍്ജ് ചെയ്തിട്ടുണ്ട്. ഈ കേസുകളിലെല്ലാം ഇഡി അന്വേഷണം നടത്തുന്നതിനിടെയാണ് സച്ചിന് വാസെയെ വിളിച്ചുവരുത്തി മൊഴിയെടുത്തത്. കൊലപാതകം, യുഎപിഎ തുടങ്ങിയ കേസുകളില്‍ കുറ്റക്കാരനായി കണ്ടെത്തിയ സച്ചിന് വാസെ നിലവില്‍ തലോജ ജയിലിലാണ്.