Latest NewsNationalNewsWorld

വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക്: പാക് ഭീകരരുടെ നുഴഞ്ഞുകയറാനുള്ള നീക്കം തകര്‍ത്തു

ശ്രീനഗര്‍: അഞ്ച് വര്‍ഷം മുന്‍പ് ഉറിയില്‍ നുഴഞ്ഞുകയറി ഭീകരാക്രമണം നടത്തിയ പാക് ഭീകരര്‍ ഓര്‍മപുതുക്കാനെന്നോണം അതിര്‍ത്തിയിലെത്തിയപ്പോള്‍ അവരുടെ പദ്ധതി തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. അടുത്തിടെ നിയന്ത്രണ രേഖയില്‍ ഭീകരര്‍ നടത്തിയ ഏറ്റവും വലിയ നുഴഞ്ഞുകയറ്റശ്രമമാണ് സൈന്യം പരാജയപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണ രേഖയില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയ സൈന്യം നിരവധി ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു.

ഭീകരര്‍ നുഴഞ്ഞുകയറാനായി തമ്പടിച്ചിരുന്ന കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ഉറി സെക്ടറില്‍ ഇന്റര്‍നെറ്റ് സര്‍വീസും മൊബൈല്‍ സര്‍വീസും തിങ്കളാഴ്ച രാവിലെ മുതല്‍ റദ്ദാക്കി. ശനിയാഴ്ച വൈകിട്ടാണ് നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയില്‍പെട്ടതെന്ന് സൈന്യം വ്യക്തമാക്കി. പാക്കിസ്ഥാനില്‍നിന്ന് ആറ് ഭീകരരുടെ സംഘം ഇന്ത്യന്‍ മേഖലയിലേക്കു നുഴഞ്ഞുകയറിയതായി സംശയമുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

വെടിവയ്പില്‍ ഒരു സൈനികനു പരുക്കേറ്റു. നുഴഞ്ഞുകയറിയവരെ കണ്ടെത്താനുള്ള ശക്തമായ തിരച്ചില്‍ നടത്തുകയാണെന്നും സൈന്യം അറിയിച്ചു. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള നുഴഞ്ഞുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഫോണ്‍, ഇന്റര്‍നെറ്റ് സര്‍വീസ് റദ്ദാക്കുന്നത് ആദ്യമായാണ്.

ഫെബ്രുവരിയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയതിനു ശേഷം രണ്ടാം തവണയാണു ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത്. ഫെബ്രുവരിക്കു ശേഷം പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു പ്രകോപനമൊന്നും ഉണ്ടായിട്ടില്ലെന്നും സൈന്യം അറിയിച്ചു. 2016 സെപ്റ്റംബര്‍ 16നായിരുന്നു ഉറിയില്‍ പാക് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button