കോണ്‍ഗ്രസ് മുക്തഭാരതത്തിനൊരുങ്ങിയിറങ്ങി കെ.സി. വേണുഗോപാല്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോണ്‍ഗ്രസെന്ന രാഷ്ട്രീയപാര്‍ട്ടിയെ ഉന്മൂലനം ചെയ്യാന്‍ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് കെ.സി. വേണുഗോപാലെന്ന എഐസിസി ജനറല്‍ സെക്രട്ടറി എന്ന് ആരോപണം. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനെന്ന പേരില്‍ രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുത്തതു മുതല്‍ നടപ്പിലാക്കുന്ന നയങ്ങള്‍ ആ പാര്‍ട്ടിയെ തകര്‍ക്കുന്നതായിരുന്നു. 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ പാര്‍ട്ടിയുടെ പതനം വേഗത്തിലായി.
തനിക്ക് കോണ്‍ഗ്രസിനെ നയിക്കാനാവില്ലെന്നു ബോധ്യമായതോടെ ആഴക്കടലില്‍ ഉപേക്ഷിക്കുന്നതുപോലെ പാര്‍ട്ടി അധ്യക്ഷസ്ഥാനം വലിച്ചെറിഞ്ഞ് രാഹുല്‍ വിദേശപര്യടനത്തിനു തിരിച്ചു. തുടര്‍ന്ന് സോണിയ ആ സ്ഥാനം താത്കാലികമായി ഏറ്റെടുത്തെങ്കിലും വര്‍ഷങ്ങളായി ഒരു സ്ഥിരം പ്രസിഡന്റിനെ കണ്ടെത്താനായിട്ടില്ല. ടീം രാഹുല്‍ പടുത്തുയര്‍ത്തിയ പരിഷ്‌കാരങ്ങളിലൊന്നാണ് കെ.സി. വേണുഗോപാലിനെ എഐസിസി ജനറല്‍ സെക്രട്ടറിയാക്കിയത്.
പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പലപ്പോഴും നിയോഗിക്കപ്പെട്ട കെസി പ്രശ്‌നം നേരിടുന്ന ഭൂരിഭാഗത്തിനെയും പാര്‍ട്ടിയുടെ പുറത്തേക്കുള്ള വഴിയിലെത്തിച്ചു. ജ്യോതിരാദിത്യ സിന്ധ്യയും കമല്‍നാഥ് മിശ്രയും തമ്മിലുള്ള പ്രശ്‌നം തീര്‍ത്തത് സിന്ധ്യയെ ബിജെപി മന്ത്രിസഭയിലെത്തിച്ചാണ്. യുവരക്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പുനഃസംഘടന നടത്താന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് ഇല്ലാതാവുകയാണെന്ന് പ്രവര്‍ത്തകര്‍ മനസിലാക്കുന്നുണ്ടെങ്കിലും നേതൃത്വത്തിന് ഇനിയും അറിയാന്‍ കഴിഞ്ഞിട്ടില്ല. സ്തുതിപാഠകരെ മാത്രം താക്കോല്‍ സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള നെഹ്‌റു കുടുംബത്തിന്റെ നീക്കങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നത് കെസിയാണെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്.
ഇപ്പോള്‍ പഞ്ചാബിലുണ്ടായ പിടലപ്പിണക്കം അമരീന്ദറിനെ സ്ഥാനഭ്രഷ്ടനാക്കുന്നതുവരെയെത്തിച്ചു. കാലങ്ങളായി രാജസ്ഥാനിലുള്ള പ്രശ്‌നം സച്ചിന്‍ പൈലറ്റിനെ പുറത്താക്കുന്ന നിലയിലേക്ക് കെസി എത്തിക്കുമെന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ അടിയുറച്ചു വിശ്വസിക്കുന്നത്. പഞ്ചാബില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള നേതാവിനെ കറിവേപ്പില പോലെ എടുത്തുകളഞ്ഞപ്പോള്‍ അടുത്തുവരുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ അഡ്രസ് നഷ്ടപ്പെടുമെന്ന് ഉറപ്പുള്ളവരാണ് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നുവേണം കരുതാന്‍.
നവ്‌ജ്യോത് സിംഗ് സിദ്ദുവെന്ന മുന്‍ ബിജെപി നേതാവിനെ അമിതമായി ആശ്രയിക്കുന്ന കെ.സി. വേണുഗോപാല്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ അവസാനത്തെ ആണിയും അടിച്ചുകഴിഞ്ഞു എന്ന് എഐസിസിയിലെ മുതിര്‍ന്ന നേതാക്കള്‍ പറയാതെ പറയുന്നുണ്ട്. ഉത്തരാഖണ്ഡിലും ജാര്‍ഖണ്ഡിലും ഛത്തിസ്ഗഡിലും രാജസ്ഥാനിലും പാര്‍ട്ടിയുടെ അഡ്രസ് നശിപ്പിക്കാനുള്ള നീക്കം ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ട്.
ഡല്‍ഹിയിലും യുപിയിലുമൊക്കെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പോലും സഖ്യകക്ഷികളില്ലെങ്കില്‍ കെട്ടിവച്ച പൈസ ലഭിക്കില്ലെന്ന അവസ്ഥയിലേക്കാണ് ഇപ്പോള്‍ പാര്‍ട്ടി ഉയര്‍ന്നിരിക്കുന്നത്. കെസിയുടെ നീക്കങ്ങള്‍ക്കെല്ലാം പിന്തുണ പ്രഖ്യാപിക്കുന്നത് രാഹുലും പ്രിയങ്കയുമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയെ അന്ധമായി സ്‌നേഹിക്കുന്നവര്‍ ഇവരുടെ നീക്കങ്ങളില്‍ അസ്വസ്ഥരുമാണ്. എന്നാല്‍ നെഹ്‌റു കുടുംബത്തെ പിണക്കി പാര്‍്ട്ടിയില്‍ തുടരാനാവില്ലെന്ന തിരിച്ചറിവില്‍ അവര്‍ കൈയടിക്കുകയാണ്. അവര്‍ക്കൊപ്പം കൈയടിക്കുന്നത് ബിജെപിയാണ്; ബിജെപിയുടെ കോണ്‍ഗ്രസ് മുക്തഭാരതത്തിന് ഏറ്റവും നല്ല ആയുധം പാര്‍ട്ടി നേതൃത്വം തന്നെയാണ് എന്ന് അനുദിനം പ്രവര്‍ത്തികളിലൂടെ ബോധ്യപ്പെടുത്തുന്നവര്‍ക്കായി.