ഏഴ് മണിക്കൂര്‍ പണിമുടക്ക്; സക്കര്‍ബര്‍ഗിന് നഷ്ടം 44,732 കോടി
വാഷിംഗ്ടണ്‍: ഫെയ്സ്ബുക്കും വാട്സാപ്പും ഇന്‍സ്റ്റഗ്രാമും ഏഴു മണിക്കൂര്‍ ലോകമെമ്പാടും പണിമുടക്കി. ഇതിലൂടെ ഉടമ മാര്‍ക് സക്കര്‍ബര്‍ഗിന് നഷ്ടമായത് 44732 കോടി രൂപ. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഫെയ്സ്ബുക്ക്, വാട്സാപ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം തടസപ്പെട്ടത്.
ഉപയോക്താക്കളെ സെര്‍വറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ന്‍ നെയിം സിസ്റ്റം (ഡിഎന്‍എസ്) തകരാര്‍ മൂലമാണ് ഇവ പണിമുടക്കിയതെന്നാണ് വിദഗ്ധരുടെ അനുമാനം.
സുരക്ഷയെക്കാള്‍ വളര്‍ച്ചയ്ക്കാണ് ഫെയ്സ്ബുക്ക് പ്രാധാന്യം നല്‍കുന്നതെന്ന ആരോപണം വാള്‍സ്ട്രീറ്റ് ജേര്‍ണലിലൂടെ പുറത്തുവന്ന ഉടന്‍തന്നെ ഫെയ്സ്ബുക്കിന്റെയും അനുബന്ധ കമ്പനികളുടെയും പ്രവര്‍ത്തനം തടസപ്പെട്ടു. വാള്‍സ്ട്രീറ്റ് ജേര്‍ണലിലൂടെയാണ് ഫെയ്സ്ബുക്ക് മുന്‍ ജീവനക്കാരി ഫ്രാന്‍സെസ് ഹോജന് ഇക്കാര്യം പുറത്തുവിട്ടത്. അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ഹോജന് ഈ വര്‍ഷമാദ്യം കമ്പനിയില്‍ നിന്നും രാജിവച്ചിരുന്നു.
ഹോജന്റെ അഭിപ്രായം അമേരിക്കന്‍ ചാനലായ സിബിഎസ് പുറത്തുവിട്ടതോടെ ഫെയ്സ്ബുക്കിന് ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി നേരിട്ടു. അഞ്ച് ശതമാനത്തിലധികമാണ് ഫെയ്സ്ബുക്കിന്റെ ഓഹരി മൂല്യം ഇടിഞ്ഞത്. ഇതാണ് വന്‍ നഷ്ടത്തിന് കാരണമായത്. ആദ്യമായാണ് ഈ മൂന്ന് സാമൂഹ്യമാധ്യമങ്ങളും ഒന്നിച്ച് പണിമുടക്കുന്നത്.