Latest NewsNationalPoliticsWorld

സ്വര്‍ണക്കടത്ത്: കോണ്‍സല്‍ ജനറലിനെയും അറ്റാഷെയെയും പ്രതി ചേര്‍ക്കാന്‍ അനുമതി തേടി ഇഡി

കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ വിദേശപൗരന്മാരെ പ്രതി ചേര്‍ക്കാന്‍ അനുമതി തേടി എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് (ഇഡി) വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചു. യുഎഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, അഡ്മിന്‍ അറ്റാഷെ റാഷിദ് ഖമീസ് അലി എന്നിവരെ പ്രതിചേര്‍ക്കാനാണ് ഇഡിയുടെ തീരുമാനം. നയതന്ത്ര പരിരക്ഷയുള്ള വിദേശ പൗരന്മാരായതുകൊണ്ടാണ് ഇഡി വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടി കത്തയച്ചിരിക്കുന്നത്.

ചീഫ് ഫിനാന്‍സ് ഓഫീസറും ഈജിപ്ഷ്യന്‍ സ്വദേശിയുമായ ഖാലിദ് അലി ഷൗക്രിയുടെ കാര്യത്തിലും നടപടിയെടുത്തേക്കും. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂവരെയും പ്രതിചേര്‍ത്ത് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. തിരുവനന്തപുരം കോണ്‍സുലേറ്റിലെ വിലാസത്തിലയച്ച നോട്ടീസുകള്‍ കൈപ്പറ്റാത്ത സാഹചര്യത്തിലാണ് എംബസി വഴി യുഎഇയിലെ വിലാസം എടുക്കുന്നത്. നയതന്ത്ര ഉദ്യോഗസ്ഥരായതിനാല്‍ യുഎഇ ഭരണകൂടത്തെ കേസിന്റെ കാര്യം അറിയിക്കുകയും വേണം. നോട്ടീസിനു മറുപടി ലഭിച്ചില്ലെങ്കിലും പ്രതിയാക്കുന്നതിനു തടസമില്ല.

അല്‍സാബി ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം കള്ളക്കടത്തിനു മറയാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരാണു കള്ളക്കടത്തിന്റെ ആസൂത്രകര്‍. വിയറ്റ്നാമിലായിരിക്കെ കള്ളക്കടത്ത് നടത്തിയതിനു സ്ഥലം മാറ്റിയപ്പോഴാണ് അല്‍സാബിയും ഖമീസ് അലിയും കേരളത്തിലെത്തിയത്. സ്വപ്ന സുരേഷിനെയും സരിത്തിനെയും ഇടനിലക്കാരായി വിനിയോഗിച്ചും പ്രട്ടോക്കോളുകള്‍ ലംഘിച്ചുമായിരുന്നു ഇവരുടെ പ്രവര്‍ത്തനം. സ്വപ്ന, സരിത് എന്നിവര്‍ നേരിട്ടും അല്‍സാബിയുടെ നിര്‍ദേശപ്രകാരവും കള്ളക്കടത്ത് നടത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ കമ്മീഷനായി ലഭിച്ച പണം ഡോളറാക്കി വിദേശത്തേക്കു കടത്തി.

നയതന്ത്ര ബാഗേജില്‍നിന്നു പിടിച്ചെടുത്ത 30 കിലോ സ്വര്‍ണവും സരിത്തിന്റെ പക്കല്‍നിന്നു കണ്ടെത്തിയ 14.98 ലക്ഷം രൂപയും ഇഡി കണ്ടുകെട്ടിയിരുന്നു. ബാങ്ക് ലോക്കറില്‍ നിന്നു പിടികൂടിയ ഒരു കോടിയും കണ്ടുകെട്ടി. കള്ളക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണമാണു സ്വര്‍ണത്തിനായി നിക്ഷേപിച്ചതെന്ന് ഇഡി വ്യക്തമാക്കുന്നു.

2020 ജൂണ്‍ 30നാണു നയതന്ത്ര ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നത്. ജൂലൈ അഞ്ചിന് ഇതില്‍ 14.5 കോടിയുടെ കള്ളക്കടത്ത് സ്വര്‍ണമുണ്ടെന്ന് കണ്ടെത്തി. ഇക്കാര്യം പുറത്തറിഞ്ഞതോടെ അല്‍ സാബിയും ഖമീസ് അലിയും ഗള്‍ഫിലേക്കു കടന്നു. അതിനാല്‍ ഇവരെ ഇതുവരെ ചോദ്യം ചെയ്യാന്‍ ഇഡിക്ക് കഴിഞ്ഞിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button