Kerala NewsLatest NewsNewsPolitics

കെപിസിസി പട്ടിക ഇപ്പോഴും കൈയാലപ്പുറത്തെ തേങ്ങപോലെ

തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റായി കെ. സുധാകരന്‍ വന്നതോടെ ഗ്രൂപ്പുകള്‍ക്കതീതമായി ഭാരവാഹികള്‍ വരുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എന്നാല്‍ ഗ്രൂപ്പുകളെ അവഗണിക്കാതെ ഭാരവാഹികളുടെ എണ്ണം പരിമിതപ്പെടുത്തുകയാണ് ചെയ്തത്. ഇപ്പോള്‍ സ്ഥാനം നഷ്ടപ്പെടുമെന്ന് ഉറപ്പായ മുന്‍ ഭാരവാഹികള്‍ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന ഭീഷണിയാണ് ചിലര്‍ മുഴക്കിയിരിക്കുന്നത്. മുന്‍ മന്ത്രി വി.എസ്. ശിവകുമാറും ആലപ്പുഴയില്‍ നിന്നുള്ള ഡി. സുഗതനുമാണ് ഭീഷണിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി ശിവകുമാറിനെ പലരും ഉയര്‍ത്തിക്കാട്ടിയെങ്കിലും സുധാകരന്‍ പരിഗണിച്ചില്ല. ഇപ്പോള്‍ കെപിസിസി ഭാരവാഹി പട്ടികയിലും ഇടമില്ല. അതിനാല്‍ ഇനി താന്‍ കോണ്‍ഗ്രസില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നാണ് ശിവകുമാര്‍ കരുതുന്നത്. സുഗതനെ കെപിസിസി ട്രഷറര്‍ ആയി ഉയര്‍ത്തിക്കാട്ടി. എന്നാല്‍ ഗ്രൂപ്പ് സമ്മര്‍ദത്തെ തുടര്‍ന്ന് അത് നടക്കില്ലെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്.

സുഗതന്‍ വെള്ളാപ്പള്ളി നടേശനെ കൂട്ടുപിടിച്ച് സിപിഎമ്മിലേക്ക് ചേക്കേറാന്‍ ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ വനിത പ്രാതിനിധ്യം കീറാമുട്ടിയായി കിടക്കുകയാണ്. വനിത നേതാക്കള്‍ കുറവാണെങ്കിലും ഉള്ളവര്‍ ഒന്നും വിട്ടുകൊടുക്കാന്‍ തയാറല്ല. എന്തായാലും ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് അടുത്തുതന്നെ കെപിസിസി ഭാരവാഹി പട്ടിക പുറത്തിറങ്ങില്ലെന്നാണ് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button