ജഗന് മോഹന്‍ റെഡ്ഡി എന്‍ഡിഎയിലേക്കെന്ന് സൂചന
ഹൈദരാബാദ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ജഗന് മോഹന്‍ റെഡ്ഡി എന്‍ഡിഎയിലേക്കെന്നു സൂചന. തന്റെ പിതാവ് വൈ.എസ്. രാജശേഖര റെഡ്ഡിയുടെ സത്പേരും ഭരണ നിപുണതയും മുന്‍ നിര്‍ത്തി ആന്ധ്രയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് ജഗന് മോഹന്‍ റെഡ്ഡി അധികാരത്തിലെത്തിയത്. എന്‍ഡിഎയോടും യുപിഎയോടും സമദൂരം പാലിച്ചു നില്ക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസിനെ എന്‍ഡിഎയുടെ ഭാഗമാകാന്‍ ക്ഷണിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല.
വിശാഖപട്ടണത്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തിയതാണ് അത്തേവാല. കേന്ദ്രസര്‍ക്കാരിനെ പലപ്പോഴും പിന്തുണച്ചിട്ടുള്ള പാര്‍ട്ടിയാണ് ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ്. പാര്‍ലമെന്റില്‍ പല ബില്ലുകളും പാസാക്കുമ്പോള്‍ നേരിട്ടും അല്ലാതെയും പിന്തുണച്ചു. ഇപ്പോള്‍ ജഗന് എന്‍ഡിഎയുടെ ഭാഗമല്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാണ് രാംദാസ് അത്തേവാല. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ ഏറെ കാലമായി ഉറച്ചുനില്‍ക്കുന്ന നേതാവാണ് ഇദ്ദേഹം. അകാലിദള്‍ ഉള്‍പ്പെടെയുള്ള കക്ഷികള്‍ സഖ്യം വിട്ടപ്പോഴും ഉറച്ചുനിന്നു മഹാരാഷ്ട്രയില്‍ നിന്നുള്ള അത്തേവലെ.
ഇപ്പോള്‍ അദ്ദേഹം ജഗന് റെഡ്ഡിയെ കൂടി എന്‍ഡിഎയിലെത്തിക്കാനുള്ള ശ്രമത്തിലാണ്. കോണ്‍ഗ്രസിന് സമീപകാലത്തൊന്നും തിരിച്ചുവരവില്ലെന്ന് അത്തേവാല പറഞ്ഞു. ഇത് മോദിയുടെ കാലമാണ്. അദ്ദേഹം ഭംഗിയായി ഭരിക്കുന്നുണ്ട്. ഇനിയും ഏറെ കാലം തുടരും. അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് ചുരുങ്ങിയത് 20 വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരും.
ഞങ്ങള്‍ എന്‍ഡിഎ വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നു. ജഗന് റെഡ്ഡി എന്‍ഡിഎയില്‍ ചേരണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ജഗന് റെഡിയാണെങ്കില്‍ താന്‍ ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദയോട് സംസാരിക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എന്നാല്‍ ഇതിനോട് ജഗന് പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇത് അദ്ദേഹത്തിന്റെ മൗനസമ്മതമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.