Latest NewsNationalNewsWorld

പാക്കിസ്ഥാനൊപ്പം നിന്ന തുര്‍ക്കിക്ക് എട്ടിന്റെ പണി

പാരീസ്: തീവ്രവാദികളുടെ വിളഭൂമിയായ പാക്കിസ്ഥാനൊപ്പം നിന്ന തുര്‍ക്കിക്ക് എട്ടിന്റെ പണി. ഇസ്ലാമിക രാജ്യങ്ങളുടെ നേതാവാകാനായാണ് തുര്‍ക്കി പാക്കിസ്ഥാനെ അകമഴിഞ്ഞ് സഹായിച്ചത്. എന്നാല്‍ തുര്‍ക്കിക്കെതിരെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) നിയന്ത്രണം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ്.

കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട തെളിവുകളാണ് തുര്‍ക്കിയ്ക്കെതിരെ വാളെടുക്കാന്‍ എഫ്എടിഎഫിനെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നയുടന്‍ രാജ്യത്തിന്റെ കറന്‍സിയായ ലിറ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ഇസ്ലാമിക ലോകരാജ്യങ്ങളില്‍ സൗദിയുടെ അപ്രമാദിത്വം ചോദ്യം ചെയ്താണ് പാക്കിസ്ഥാനും മലേഷ്യയുമായി തുര്‍ക്കി കൂടുതല്‍ അടുത്തത്.

കശ്മീര്‍ വിഷയമടക്കം യുഎന്നില്‍ പാക്കിസ്ഥാനുവേണ്ടി ഉയര്‍ത്താനും തുര്‍ക്കി തയ്യാറായി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുക, കള്ളപ്പണം വെളുപ്പിക്കുക എന്നീ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെ അപകടസാധ്യതകളെ കുറിച്ച് നേരത്തേ തുര്‍ക്കിയ്ക്ക് എഫ്എടിഎഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതവഗണിച്ച് തുര്‍ക്കി മുന്നോട്ടുപോവുകയാണുണ്ടായത്. ഗുരുതരമായ തെറ്റുകള്‍ വീണ്ടും കണ്ടെത്തിയതിനാല്‍ ശിക്ഷാ നടപടി സ്വീകരിക്കാന്‍ എഫ്എടിഎഫ് നിര്‍ബന്ധിതമായി എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ന് പാരീസില്‍ നടക്കുന്ന യോഗത്തില്‍ എഫ്എടിഎഫ് തുര്‍ക്കിയെ ഗ്രേ ലിസ്റ്റില്‍ പെടുത്തുന്നതിനെക്കുറിച്ച് പ്രഖ്യാപിക്കും. ഇപ്പോള്‍ ഗ്രേ ലിസ്റ്റിലുള്ള പാക്കിസ്ഥാന്റെ ഭാവിയെക്കുറിച്ചും ഇന്നറിയാം. താലിബാനെ കൈയയച്ച് സഹായിച്ച പാക്കിസ്ഥാനെ ബ്ലാക്ക് ലിസ്റ്റിലേക്ക് മാറ്റണമെന്നാണ് വിവിധ കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരിക്കുന്നത്. യെമന്‍, ദക്ഷിണ സുഡാന്‍, സിറിയ, മൊറോക്കോ, അല്‍ബേനിയ, സിംബാബ്വെ, കംബോഡിയ, ബാര്‍ബഡോസ്, കേമാന്‍ ദ്വീപുകള്‍, ഫിലിപ്പീന്‍സ് എന്നിവയുള്‍പ്പെടെ 22 രാജ്യങ്ങള്‍ എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റില്‍ ഇപ്പോഴുണ്ട്.

ഇന്ത്യക്കെതിരെ നിലപാടെടുക്കാന്‍ തീവ്രവാദത്തെ കൂട്ടുപിടിക്കുന്ന പാക്കിസ്ഥാന്‍ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ അടിയന്തര ധനസഹായമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിലയ്ക്കും. സാമ്പത്തികരംഗം അമ്പേ തകര്‍ന്നുകിടക്കുന്ന പാക്കിസ്ഥാന് അത് വലിയ ആഘാതം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button