Kerala NewsLatest NewsNews

കൈവിടില്ല കേരളത്തെ; മൊറട്ടോറിയം ഈവര്‍ഷം മുഴുവന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതീക്ഷിക്കാതെയുണ്ടായ മഴക്കെടുതിയില്‍ കൃഷിനാശവും കടലാക്രമണവും, കൂടാതെ കോവിഡ് അടച്ചിടലും കണക്കിലെടുത്ത്, ജപ്തിനടപടികള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കര്‍ഷകരും മത്സ്യത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരും വിവിധ ധനകാര്യസ്ഥാപനങ്ങളില്‍നിന്നുള്ള ഹൗസിങ് ബോര്‍ഡ്, വിവിധ സംസ്ഥാനസര്‍ക്കാര്‍ ഏജന്‍സികള്‍, സഹകരണബാങ്കുകള്‍, റവന്യൂ റിക്കവറി ആക്ട് പ്രകാരം വിജ്ഞാപനംചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നെടുത്ത കാര്‍ഷിക, വിദ്യാഭ്യാസ, ക്ഷീരവികസന, മൃഗസംരക്ഷണ വായ്പകള്‍ക്കാണ് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചത്.


ദേശസാത്കൃതബാങ്കുകള്‍, സ്വകാര്യബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍നിന്നുള്ള വായ്പകളിലെ ജപ്തിനടപടികള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം ദീര്‍ഘിപ്പിക്കാന്‍ റിസര്‍വ് ബാങ്കിനോടും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയോടും ആവശ്യപ്പെടാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. സാധാരണജനങ്ങളുടെ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയെടുത്ത ഈ തീരുമാനം കേരളത്തിലെ നിരവധിപേര്‍ക്കാണ് ഗുണകരമാവുക. ഒറ്റനിമിഷംകൊണ്ട്, സ്വരൂപിച്ച എല്ലാ സമ്പാദ്യങ്ങളും ഇല്ലാതായിപ്പോയ പാവപ്പെട്ടവര്‍ക്ക് ആശ്വസിക്കാനുള്ള വകയാണ് സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഈ തീരുമാനത്തിലൂടെയുണ്ടായത്.


കാലാവസ്ഥാ വ്യതിയാനംമൂലം സംസ്ഥാനത്തുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളെ പിണറായി സര്‍ക്കാര്‍ അവസരോചിത ഇടപെടലുകളിലൂടെയാണ് പ്രതിരോധിച്ചത്. ഇടുക്കി ഡാം തുറക്കല്‍, വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം എന്നിവ സംസ്ഥാനസര്‍ക്കാര്‍ ഏറെ ശ്രദ്ധയോടെയാണ് അഭിമുഖീകരിച്ചത്. മഴക്കെടുതിയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ആളുകളെ മാറ്റിതാമസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.


2016 കേരളം കണ്ട ഏറ്റവും വലിയ വരള്‍ച്ചാവര്‍ഷമായിരുന്നു. നൂറുവര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിച്ച വര്‍ഷമായിരുന്നു അത്. ജലസംരക്ഷണമാര്‍ഗങ്ങളിലേക്കും മഴക്കുഴികളിലെയും അന്ന് നമ്മള്‍ ആശ്രയിച്ചു. അതിലെ വലിയൊരു മഴസംഭരണി ഇന്ന് ഒലിച്ചുപോകുന്നത് നാമെല്ലാവരും മാധ്യമങ്ങളിലൂടെ കണ്ടതാണ്. അനുഗ്രഹീതമായിട്ടുളള കാലാവസ്ഥയായിരുന്നു കേരളത്തിനുണ്ടായിരുന്നത്. ഭൂപ്രകൃതിയെ വെല്ലുവിളിച്ചുകൊണ്ടുള്ള ജനങ്ങളുടെ പ്രവൃത്തികളാണ് ഇപ്പോഴത്തെ പ്രതീക്ഷിക്കാത്ത മഴക്കെടുതികള്‍ക്കും പ്രകൃതിക്ഷോഭത്തിനും കാരണം.അതിവിശാലമായ ജൈവസമ്പത്തും ജൈവ വൈവിധ്യവുമുള്ള ഭൂപ്രദേശമാണ് കേരളം. അതിന്റെ പവിത്രതയെ ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് കേരളജനതയുടെ ഭാഗത്തുനിന്നും ഇപ്പോള്‍ ഉണ്ടാകുന്നത്.

മേഘവിസ്ഫോടനത്തിലൂടെയുണ്ടാകുന്ന മഴയാണ് എപ്പോഴും കേരളത്തില്‍ വളരെപെട്ടെന്ന് വെള്ളക്കെട്ടുകളുണ്ടാക്കുന്നത്. കേരളം മുഴുവന്‍ മേഘങ്ങള്‍ ഉണ്ടെങ്കിലും ഇത്തരം മേഘരൂപീകരണം ഏതുഭാഗത്ത്, ഏത് ലൊക്കേഷനില്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി അറിയാന്‍ സാധിക്കില്ല. റഡാര്‍ ഇമേജിലൂടെ മൂന്നുമണിക്കൂറിനുളളില്‍ ഈ സ്ഥലത്ത് മേഘരൂപീകരണം ഉണ്ടാകുമെന്നേ പറയാനാകൂ. ആ മൂന്നുമണിക്കൂറിനുളളില്‍ അതീവ പരിസ്ഥിതിലോല പ്രദേശങ്ങള്‍ കണ്ടെത്തി, മേഘവിസ്‌ഫോടനം ഉണ്ടായാല്‍, ഏറ്റവും ചുരുങ്ങിയ സമയത്തിനുളളില്‍ ആളുകളെ മാറ്റാനുളള സംവിധാനങ്ങളാണ് കേരളത്തിലുണ്ടാകേണ്ടത്. മൂന്നുമണിക്കൂറിനുളളില്‍ വിവരം നല്‍കി അവരെ മാറ്റിപ്പാര്‍പ്പിക്കുന്ന തരത്തിലേക്ക് ദുരന്തനിവാരണ സംവിധാനങ്ങള്‍ മെച്ചപ്പെടണം.


കനത്ത മഴയെ തുടര്‍ന്ന് മലപ്പുറത്തും പാലക്കാടും കഴിഞ്ഞദിവസം ഉരുള്‍പൊട്ടലുണ്ടായി. രണ്ടിടത്തും ആളപായമുണ്ടായതായി റിപ്പോര്‍ട്ടുമില്ല. മംഗലം ഡാം പരിസരത്ത് വി.ആര്‍.ടിയിലും, ഓടത്തോടിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. 50 ഓളം കുടുംബങ്ങളെ ഉടന്‍ തന്നെ മാറ്റി പാര്‍പ്പിക്കാന്‍ കഴിഞ്ഞതും അപകടങ്ങള്‍ ഒഴിവാസഹായമായി. മലവെള്ള പാച്ചിലില്‍ വെള്ളം കുത്തിയൊലിച്ചെത്തിയെങ്കിലും ആര്‍ക്കും സാരമായ പരിക്കുകളുമുണ്ടായില്ല. മംഗലം ഡാം പരിസരത്ത് ഇതുവരെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. ഏതെങ്കിലും സാഹചര്യമുണ്ടായാല്‍, സമീപത്തെ പള്ളികളും ഓഡിറ്റോറിയങ്ങളും സജ്ജവുമാണ്. നിലവില്‍ ആളുകള്‍ സമീപത്തെ ബന്ധുവീടുകളിലേക്കാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. പെരിന്തല്‍മണ്ണയില്‍ 60 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. സമയോചിതമായ കരുതലും തീരുമാനങ്ങളുമാണ് മഴക്കെടുതിയിലൂടെയുണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ ആവശ്യം. കഴിഞ്ഞകാലങ്ങളിലുണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പിണറായി സര്‍ക്കാര്‍ കൃത്യമായ ധാരണയോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്നുതന്നെ പറയാനാവും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button