എസ്എഫ്‌ഐക്കെതിരെ നിന്നാല്‍ തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരുമെന്ന് എഐഎസ്എഫ് നേതാവിന് ഭീഷണി
ഏറ്റുമാനൂര്‍: സഖ്യകക്ഷിയായ എഐഎസ്എഫ് വനിത നേതാവിനെതിരെ ബലാത്സംഗ ഭീഷണിയുമായി എസ്എഫ്‌ഐ നേതാവ്. എംജി സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിലാണ് എഐഎസ്എഫ് വനിത നേതാവിനെതിരെ എസ്എഫ്ഐ നേതാക്കള്‍ ഭീഷണി ഉയര്‍ത്തിയത്. ഇതുസംബന്ധിച്ച് എഐഎസ്എഫ് വനിത നേതാവ് പോലീസില്‍ പരാതി നല്‍കി. തനിക്കു നേരെ എസ്എഫ്ഐ നേതാക്കള്‍ ബലാത്സംഗ ഭീഷണി മുഴക്കിയെന്നും കയറിപിടിച്ചെന്നും ജാതിപേര് വിളിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു.
സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ എഐഎസ്എഫ് പ്രവര്‍ത്തകരെ അക്രമിച്ചിരുന്നു. തുടര്‍ന്ന് എഐഎസ്എഫ് വനിത നേതാവ് രോഷാകുലയായി പ്രതികരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. എഐഎസ്എഫ് പ്രവര്‍ത്തകനെ ഒറ്റയ്ക്ക് വളഞ്ഞിട്ടാക്രമിച്ച നടപടിയില്‍ പ്രകോപിതയായി പെണ്‍കുട്ടി പോലീസിന് മുന്നില്‍ പൊട്ടിത്തെറിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. സംഭവത്തിന് പിന്നാലെ അക്രമത്തിനിരയായ എഐഎസ്എഫ് പ്രവര്‍ത്തകരും വനിത നേതാവും രണ്ട് പരാതികളാണ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയിരിക്കുന്നത്.
എസ്എഫ്ഐ എറണാകുളം ജില്ല പ്രസിഡന്റ് ആര്‍ഷോ, ജില്ല സെക്രട്ടറി അമല്‍, പ്രജിത് കെ. ബാബു, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്റെ പേഴ്സണല്‍ സ്റ്റാഫംഗം കെ.എം. അരുണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു. യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഞങ്ങള്‍ മത്സരത്തിനിറങ്ങി എന്നത് മാത്രമായിരുന്നു പ്രശ്നം.
എഐഎസ്എഫ് ജനറല്‍ സീറ്റിലെ ഒറ്റ സീറ്റില്‍ മാത്രമാണ് മത്സരിച്ചത്. സെനറ്റിലെ ബാക്കി 14 സീറ്റിലും ഏകപക്ഷീയമായി ജയിച്ച് നിന്നിട്ടാണ് എസ്എഫ്ഐ ഞങ്ങളെ ഒരു സീറ്റില്‍ പോലും മത്സരിക്കാന്‍ അനുവദിക്കാതിരിക്കുന്നതെന്ന് എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ഷാജോ പറഞ്ഞു. വര്‍ഷങ്ങളായി ഞങ്ങള്‍ സഖ്യത്തിലല്ല മത്സരിക്കുന്നത്. ഇത്തവണ സഖ്യത്തിനായി മൂന്ന് തവണ എസ്എഫ്ഐ ജില്ല നേതൃത്വവുമായും ഒരു തവണ സംസ്ഥാന നേതൃത്വവുമായും സംസാരിച്ചതാണ്.
എന്നാല്‍ ഒരു അനുകൂല പ്രതികരണവും അവരുടെ ഭാഗത്ത് നിന്നുണ്ടായില്ല. പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ചാണ് എസ്എഫ്ഐ നേതാക്കള്‍ അക്രമിക്കുന്നത്. സര്‍വകലാശാല കവാടത്തിന് മുന്നില്‍ എസ്എഫ്ഐക്കാര്‍ കാവല്‍ നില്‍ക്കുകയാണ്. അവരുടെ പ്രവര്‍ത്തകരെല്ലാത്തവരുടെ വാഹനങ്ങള്‍ പരിശോധന നടത്തിയാണ് കടത്തിവിടുകയെന്നും ഷാജോ പറഞ്ഞു.