Kerala NewsLatest NewsNews

മുംബൈ ഭദ്രാസനാധിപന്റെ മരണം, ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്കാബാവയ്‌ക്കെതിരെ അന്വേഷണം

കൊച്ചി: ഓര്‍ത്തഡോക്‌സ് സഭയുടെ മുംബൈയിലെ ഭദ്രാസനാധിപനായിരുന്ന തോമസ് മാര്‍ അത്തനാസിയോസിന്റെ മരണത്തില്‍ ഓര്‍ത്തഡോക്സ് സഭാ കാതോലിക്കാ ബാവക്കെതിരെ അന്വേഷണം. അത്തനാസിയോസിന്റേത് കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് ഈ കേസന്വേഷണം.

2018 ആഗസ്റ്റ് 24ന് രാവിലെ എറണാകുളം പുല്ലേപ്പടിക്ക് സമീപം ട്രെയിനില്‍നിന്ന് വീണുമരിച്ച നിലയില്‍ തോമസ് മാര്‍ അത്തനാസിയോസിന്റെ മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവികമരണത്തിന് കേസെടുത്ത്, അന്വേഷണം ആരംഭിച്ചെങ്കിലും അപകടമരണമാണെന്ന നിഗമനത്തില്‍ എത്തിച്ചേരുകയായിരുന്നു. മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി, പുത്തന്‍കുരിശ് സ്വദേശി തോമസ് ടി പീറ്ററാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്.

പരാതിയെതുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരമാണ് ഓര്‍ത്തഡോക്സ് സഭാ കാതോലിക്കാ ബാവ അടക്കം മൂന്നുപേര്‍ക്കെതിരെ നോര്‍ത്ത് പൊലീസ് കേസെടുത്തത്. കൊലപാതകം, ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. അത്തനാസിയോസ് ചെയര്‍മാനായ ട്രസ്റ്റിന്റെ 500 കോടിയോളം രൂപയുടെ ആസ്തി സഭയ്ക്കു കീഴിലാക്കണമെന്ന ആവശ്യം നിരസിച്ചത് തര്‍ക്കത്തിനിടയാക്കിയെന്നാണ്
പരാതിക്കാരില്‍നിന്ന് ലഭിക്കുന്ന വിവരം. തര്‍ക്കം നിലനില്‍ക്കുന്നതിനിടയില്‍ അത്തനാസിയോസിനെ കാതോലിക്കാ ബാവ ഉള്‍പ്പെടെയുള്ളവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയുണ്ട്. ഇതിലുള്ള പകയെത്തുടര്‍ന്നാണ് ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. ആസ്തി സംബന്ധിച്ചുളള തര്‍ക്കത്തില്‍ കാതോലികാബാവയ്ക്ക് പുറമെ. ഗീവര്‍ഗീസ് മാര്‍ യൂലിയോ മെത്രാപോലീത, ഓര്‍ത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മന്‍ എന്നിവരും കേസിലെ പ്രതികളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button