മുല്ലപ്പെരിയാര്‍: കേരളത്തിന്റെ വാദങ്ങള്‍ അംഗീകരിച്ച് മേല്‍നോട്ട സമിതി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് മേല്‍നോട്ട സമിതി. കേരളത്തിന്റെ വാദങ്ങള്‍ക്ക് അനുകൂല റിപ്പോര്‍ട്ടാണ് മേല്‍നോട്ട സമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുക. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയില്‍ താഴെയായി നിലനിര്‍ത്തണമെന്ന് മേല്‍നോട്ട സമിതി തീരുമാനിച്ചു.
കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും ഇടുക്കിയിലെ ജലനിരപ്പും കാലാവസ്ഥയില്‍ സംഭവിച്ചേക്കാവുന്ന വ്യതിയാനങ്ങളും കണക്കിലെടുത്താണ് സമിതിയുടെ അന്തിമ തീരുമാനം. സുപ്രീംകോടതി ഈ റിപ്പോര്‍ട്ട് ഇന്നു തന്നെ പരിഗണിക്കും. മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതിയാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
അണക്കെട്ടിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടും തമ്മില്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. 137 അടിയില്‍ കൂടുതല്‍ വെള്ളം അണക്കെട്ടില്‍ നിലനിര്‍ത്താന്‍ സാധിക്കില്ലെന്ന് യോഗത്തില്‍ കേരളം അറിയിച്ചിരുന്നു. കൂടുതല്‍ വെള്ളം ഒഴുക്കിയാല്‍ ഇടുക്കി ഡാമിന് തടഞ്ഞുനിര്‍ത്താന്‍ സാധിക്കില്ലെന്ന ആശങ്കയും ഉന്നയിച്ചിരുന്നു. എന്നാല്‍ 138 അടിയില്‍ നിലനിര്‍ത്താമെന്നായിരുന്നു തമിഴ്നാടിന്റെ നിലപാട്. ഈ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മേല്‍നോട്ട സമിതി അന്തിമ തീരുമാനം സ്വീകരിച്ചത്.