അക്ഷരനഗരിയില്‍ പ്രധാനാധ്യാപകരില്ലാതെ വലയുന്നു
കോട്ടയം: കേരളത്തിന്റെ അക്ഷരനഗരിയായ കോട്ടയത്തെ വിദ്യാലയങ്ങള്‍ പ്രധാനാധ്യാപകരില്ലാതെ വലയുന്നു. കോവിഡിന് ശേഷം സ്‌കൂള്‍ തുറക്കുമ്പോള്‍ ജില്ലയില്‍ പ്രധാനാധ്യാപകരില്ലാതെ വലയുകയാണ് 78 സ്‌കൂളുകള്‍. പഠനത്തിന് യോഗ്യരായവരെ നിയമിച്ചില്ലെങ്കില്‍, കുട്ടികളുടെ പഠനത്തില്‍ വീഴ്ച വരുമെന്ന സാഹചര്യത്തിലാണ് വേണ്ട യോഗ്യത പരീക്ഷകളിലൂടെ അധ്യാപകരെ തിരഞ്ഞെടുക്കാന്‍ ഹൈക്കോടതി വിധി വന്നത്.
75 എല്‍പി സ്‌കൂളുകളിലും മൂന്ന് യുപി സ്‌കൂളുകളിലുമാണ് നിലവില്‍ പ്രധാനാധ്യാപകരില്ലാത്തത്. എന്നാല്‍ ഹൈസ്‌കൂളുകളില്‍ ഈ പ്രതിസന്ധിയില്ല. പ്രൈമറി സ്‌കൂളുകളിലെ അധ്യാപകനിയമനം സംബന്ധിച്ച് കോടതിയില്‍ കേസുള്ളതിനാലാണ് നിയമനം വൈകുന്നത്. നേരത്തേ 50 വയസ് കഴിഞ്ഞവര്‍ക്ക് പ്രമോഷന്‍ വഴി പ്രൈമറി സ്‌കൂളുകളില്‍ പ്രധാനധ്യാപകര്‍ ആകാമായിരുന്നു.
എന്നാല്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഇത്തരത്തില്‍ പ്രമോഷന് വകുപ്പുതല പരീക്ഷായോഗ്യത നിര്‍ബന്ധമാക്കി. ഹെഡ്മാസ്റ്റര്‍ നിയമനത്തിന് ചട്ടപ്രകാരമുള്ള യോഗ്യതാപരീക്ഷകള്‍ ജയിച്ച അധ്യാപകരെ മാത്രമേ പരിഗണിക്കാവൂ എന്നായിരുന്നു ഹൈക്കോടതി വിധി. ഈ നിയമം നടപ്പിലുള്ളപ്പോള്‍ യോഗ്യതയില്ലാത്ത പുറത്താക്കപ്പെടും.
ഇതിനെതിരെ ഒരുവിഭാഗം അധ്യാപകര്‍ നല്‍കിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഹെഡ്മാസ്റ്റര്‍ നിയമനം നടക്കാത്തതിനാല്‍ രണ്ടുവര്‍ഷത്തോളമായി സ്‌കൂളിലെ മുതിര്‍ന്ന അധ്യാപകര്‍ക്കാണ് ചുമതല. ഇതിനൊപ്പം പഠനം കൂടിയാകുമ്പോള്‍ അധികജോലിയാണ്.