ന്യൂയോര്‍ക്ക്: വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച നൂറിലധികം ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. അള്‍ട്ടിമ എസ്എംഎസ് എന്ന ഒരു മാല്‍വെയര്‍ ഫീച്ചര്‍ ചെയ്തിരുന്ന ആപ്പുകള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇത് കൂടുതല്‍ ഉപയോക്താക്കളെ വലയില്‍ വീഴ്ത്തിയെന്നും കണ്ടെത്തി. കഴിഞ്ഞ ദിവസം ഗൂഗിള്‍ ക്രോമിന് ഗുരുതര സുരക്ഷാ പിഴവുകളുണ്ടെന്ന് ഗൂഗിള്‍ തുറന്നു സമ്മതിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഈ വാര്‍ത്തയും പുറത്തു വരുന്നത്. ടെക്സ്റ്റ് സ്‌കാം എന്നു സംശയിക്കാത്ത വിധം ഈ മാല്‍വെയറിന് ഉപയോക്താക്കളെ പ്രീമിയം സേവനങ്ങളിലേക്ക് സൈന്‍ ഇന്‍ ചെയ്യിപ്പിക്കാന്‍ കഴിഞ്ഞു. ഇത് ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതുകാരണം ആന്‍ഡ്രോയിഡ് ഉടമകള്‍ക്ക് പ്രതിമാസം 40 ഡോളര്‍ എങ്കിലും ചെലവാകും. പ്രമുഖ ആന്റി വയറസ് കമ്പനിയായ അവാസ്റ്റിലെ സാങ്കേതിക വിദഗ്ധരാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. ഭീഷണിയെക്കുറിച്ച് അറിയിച്ചയുടന്‍ ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകളെ പെട്ടെന്നുതന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി.
എന്നാല്‍ നീക്കം ചെയ്യുന്നതിനു മുന്‍പ് തന്നെ ഈ ആപ്പുകള്‍ ദശലക്ഷക്കണക്കിന് തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിരുന്നു. കസ്റ്റമൈസ് ചെയ്യാനാകുന്ന കീബോഡുകള്‍, ക്യൂ ആര്‍ കോഡ് സ്‌കാനറുകള്‍, വീഡിയോ, ഫോട്ടോ എഡിറ്ററുകള്‍, സ്പാം കോള്‍ ബ്ലോക്കറുകള്‍, ക്യാമറ ഫില്‍ട്ടറുകള്‍, ഗെയിമുകള്‍ തുടങ്ങിയ ജനപ്രിയ സേവനങ്ങളുടെ മറവിലാണ് ഈ ആപ്പുകള്‍ തട്ടിപ്പ് നടത്തിയത്. അവാസ്റ്റിന്റെ നിഗമനങ്ങളനുസരിച്ച് ടിക് ടോക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെ പരസ്യങ്ങള്‍ വഴിയും ആപ്പുകള്‍ പ്രചരിക്കപ്പെട്ടിരുന്നു. ഇത് ഇത്തരം ആപ്പുകളുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു.
ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ തന്നെ ഉപയോക്താക്കളുടെ ലൊക്കേഷന്‍, ഐഎംഇഐ, ഫോണ്‍ നമ്പര്‍ എന്നിവ പരിശോധിക്കാന്‍ തുടങ്ങും. ഇത്തരത്തിലുള്ള ഒരു ആപ്ലിക്കേഷന്‍ ഉപയോക്താവ് തുറക്കുമ്പോള്‍, ആപ്പ് ഉപയോഗിക്കുന്നതിന്, അവരുടെ ഫോണ്‍ നമ്പറും ചിലപ്പോള്‍ അവരുടെ ഇമെയിലും നല്‍കാന്‍ ആവശ്യപ്പെടും.
ഈ വിവരങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ ഉപയോക്താവിനെ പ്രീമിയം എസ്എംഎസ് സബ്‌സ്‌ക്രിപ്ഷനായി സൈന്‍ അപ്പ് ചെയ്യപ്പെടും. ഇത്തരത്തിലുള്ള ആപ്പുകള്‍ മൂലം ഒരുപാട് കുട്ടികളാണ് കബളിപ്പിക്കപ്പെട്ടത്. ഈ ആപ്പുകള്‍ക്ക് ഉപയോക്താക്കളില്‍ നിന്നുലഭിച്ച നെഗറ്റീവ് റിവ്യൂകളാണ് തട്ടിപ്പ് തിരിച്ചറിയാന്‍ സഹായകമായത്.