ശബരിമലയിലെ 3.36 ലക്ഷം കിലോ ശര്‍ക്കര ലേലം ചെയ്തു
ശബരിമല: ശബരിമലയില്‍ 3.36 ലക്ഷം കിലോ ശര്‍ക്കര ലേലം ചെയ്തു. പ്രസാദ നിര്‍മാണത്തിനായി ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ശര്‍ക്കര ഉപയോഗശൂന്യമായതിനെത്തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് ലേലം ചെയ്തത്. സന്നിധാനത്തും പമ്പയിലും ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ശര്‍ക്കര പ്രസാദനിര്‍മാണത്തിന് കഴിയാത്ത വിധം ഉപയോഗശൂന്യമായതിനെ തുടര്‍ന്നാണ് ലേലം ചെയ്യാന്‍ തീരുമാനിച്ചത്.
ശര്‍ക്കര കഴിഞ്ഞ 29ന് ലേലം ചെയ്തു കൊടുത്തു. ഇനി ദേവസ്വം വിജിലന്‍സിന്റെ സാന്നിധ്യത്തില്‍ ശര്‍ക്കര തൂക്കി ലേലമെടുത്തയാള്‍ക്ക് കൈമാറും. കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ മൂലം തീര്‍ഥാടകര്‍ കുറഞ്ഞതോടെ അപ്പം, അരവണ ഉത്പാദനം കുറച്ചിരുന്നു. പ്രസാദ നിര്‍മാണം കുറഞ്ഞതോടെ ഉപയോഗിക്കാതിരുന്ന ശര്‍ക്കര പഴകി.
ശര്‍ക്കര ഉപയോഗയോഗ്യമല്ലാതായതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ബോര്‍ഡിനുണ്ടായിരിക്കുന്നത്. ലേലം കൊണ്ടയാള്‍ക്ക് കൈമാറുമ്പോള്‍ മാത്രമേ എത്ര രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് കൃത്യമായി തിട്ടപ്പെടുത്താന്‍ കഴിയൂ. ശര്‍ക്കരയ്ക്ക് നിറവ്യത്യാസം കണ്ടതിനെത്തുടര്‍ന്ന് ഫുഡ് സേഫ്റ്റി വിഭാഗം പരിശോധിച്ചപ്പോഴാണ് പ്രസാദ വിതരണത്തിന് ശര്‍ക്കര ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് ലേലം ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് ലഭ്യമായ വിവരം.